ഇടുക്കി: മൂന്നാറിലെത്തുന്ന സഞ്ചാരികളെ ആകർഷിക്കാൻ കഫേയായി രൂപം മാറി കെഎസ്ആർടിസി.മൂന്നാർ കെഎസ്ആർടിസി ഡിപ്പോയിലാണ് പിങ്ക് കഫേ പ്രവർത്തനം ആരംഭിച്ചത്. കുടുംബശ്രീ ഇടുക്കി ജില്ലാ മിഷൻ ദേവികുളം ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെയാണ് കഫേ ആരംഭിച്ചിരിക്കുന്നത്.
കെഎസ്ആർടിസിയുടെ ഉപയോഗ ശൂന്യമായ ബസുകൾ പുന:രുപയോഗിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി.അറ്റകുറ്റപ്പണി ചെയ്ത് കുട്ടപ്പനായെടുത്ത ബസ് ആണ് കഫേയായി ഉപയോഗിക്കുന്നത്.
ബസ്സ്റ്റാൻഡിൽ നിർത്തിയിട്ടിരിക്കുന്ന ബസിൽ ഒരേ സമയം 20 പേർക്ക് ഇരുന്ന ഭക്ഷണം കഴിക്കാം. കുടുംബശ്രീക്കാർക്കാണ് കഫേയുടെ ചുമതല. 14 പേർക്കാണ് ഇതുവഴി തൊഴിൽ ലഭിക്കുന്നത് എന്നാണ് വിവരം. രാവിലെ അഞ്ചുമുതൽ രാത്രി പതിനൊന്നു മണി വരേയാണ് പ്രവർത്തന സമയം.
ഉച്ച ഭക്ഷണം ഉൾപ്പടെ കഫേയിൽ ലഭ്യമാണ്. ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ് കഫേയുടെ പ്രവർത്തനം ഓൺലൈനായി ഉദ്ഘാടനം ചെയ്തു.
