ആലപ്പുഴ ∙ കുഞ്ചാക്കോ ബോബൻ, ശാലിനി, ഹീറോ ഹോണ്ട സ്പ്ലെൻഡർ എന്നീ 3 താരോദയങ്ങളാണ് 1997 മാർച്ച് 26നു സംഭവിച്ചത്. അന്നായിരുന്നു ഫാസിലിന്റെ ‘അനിയത്തിപ്രാവ്’ സിനിമയുടെ റിലീസ്. സിനിമയിലെ ആദ്യ സീൻ മുതൽ കുഞ്ചാക്കോ ബോബൻ ഓടിച്ച ചുവപ്പ് സ്പ്ലെൻഡർ ബൈക്ക് അക്കാലത്ത് യുവാക്കളുടെ ഹരമായിരുന്നു. തന്റെ ആദ്യ സ്ക്രീൻ പ്രവേശനത്തിൽ ഒപ്പമുണ്ടായിരുന്ന സ്പ്ലെൻഡർ കാൽനൂറ്റാണ്ടിനു ശേഷം കുഞ്ചാക്കോ ബോബൻ സ്വന്തമാക്കി. നാളെ ‘അനിയത്തിപ്രാവ്’ റിലീസ് ചെയ്തിട്ട് 25 വർഷം തികയുന്നു. ‘ആലപ്പുഴയിലെ ബൈക്ക് ഷോറൂമിൽ ജോലി ചെയ്യുന്ന ബോണിയുടെ കൈവശം ബൈക്ക് ഉണ്ടെന്ന് ഒരുപാട് അന്വേഷണങ്ങൾക്കു ശേഷമാണ് അറിഞ്ഞത്. ഷോറൂം ഉടമ കമാൽ എം.മാക്കിയിലുമായി സംസാരിച്ച് അനിയത്തിപ്രാവിലെ ബൈക്കാണെന്ന് ഉറപ്പാക്കിയ ശേഷമാണു വാങ്ങിയത്’– കുഞ്ചാക്കോ ബോബൻ പറഞ്ഞു.
