കണ്ണൂർ: തട്ടിപ്പുകാരുടെ മുഴുവൻ കണ്ണുകളും ഇപ്പോൾ ഉരുളിയിലാണ്. അറിഞ്ഞിടത്തോളം, ജില്ലയിലെ ഹയർ ഗുഡ്സ് കടകളിൽ ഇപ്പോൾ ഉരുളികൾ ‘സേഫല്ല’. ഒരാഴ്ചത്തേയ്ക്ക് എന്ന് ആവശ്യം പറഞ്ഞ് ഹയർ ഗുഡ്സ് കടകളിൽ നിന്നും വാടകയ്ക്ക് കൊണ്ടുപോയ ഉരുളികളെ കുറിച്ച് പിന്നീട് യാതൊരറിവും ഉണ്ടായിട്ടില്ലെന്നാണ് കടയുടമകൾ പരാതിപ്പെടുന്നത്.
ഡിജിൽ സുരേഷ് എന്നയാളാണ് വാടകയ്ക്കെന്ന് കാണിച്ച് കടകളിൽ നിന്നും ഉരുളികൾ കൊണ്ടുപോയത്. എന്നാൽ ഉരുളികൾ തിരികെ ലഭിക്കാതെ വന്നപ്പോൾ, ഇയാൾ കടകളിൽ നൽകിയ തിരിച്ചറിയൽ രേഖകളിലെ വിവരങ്ങൾ വെച്ച് കടയുടമകൾ അന്വേഷണത്തിന് ഇറങ്ങി. അപ്പോഴാണ് തട്ടിപ്പിനിരയായ വിവരം കടയുടമകൾ തിരിച്ചറിയുന്നത്. ഡിജിൽ സുരേഷ് നൽകിയ ഫോൺ നമ്പർ സ്വിച്ച് ഓഫ് എന്നാണ് പറയുന്നത്. അതുപോലെ തന്നെ ഇയാൾ നൽകിയ ആധാർ കാർഡിലെ മേൽവിലാസത്തിൽ ചെന്ന് അന്വേഷിച്ചപ്പോൾ അങ്ങനെ ഒരാളുമില്ല.
ഇത് ഒരു കടയിലെ മാത്രം കാര്യമല്ല. തളാപ്പിൽ കെ.ബിജുവിന്റെ ഉടമസ്ഥതയിലുള്ള ദിലീപ് ഹയർ ഗുഡ്സിൽ നിന്ന് നാല് ഉരുളികളാണ് ഇത്തരത്തിൽ വാടകയ്ക്കെന്ന് പറഞ്ഞ് ഇയാൾ കൊണ്ടുപോയത്. കൂടാതെ, കണ്ണോത്തുംചാൽ കെ.പി വത്സന്റെ ബിആർഎഫ് ഹയർ ഗുഡ്സിൽ നിന്നും, താഴെചൊവ്വ എം.സത്യപാലന്റെ ഉടമസ്ഥതയിലുള്ള ന്യൂ ഫ്രണ്ട്സ് ഹയർ ഗുഡ്സിൽ നിന്നും ഓരോ ഉരുളി വീതവും ഇയാൾ കൊണ്ടുപോയിട്ടുണ്ട്.
ഉരുളികൾ സംബന്ധിച്ച പരാതികളുടെ എണ്ണം വർദ്ധിച്ചതോടെ, കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിലും, സിറ്റി പോലീസ് സ്റ്റേഷനിലും പരാതി നൽകിയിരിക്കുകയാണ് തട്ടിപ്പിനിരയായ കടയുടമകൾ. എന്നാൽ ദിവസങ്ങൾ കഴിഞ്ഞിട്ടും ഉരുളിയും കിട്ടിയില്ല, ആളെയും പിടിച്ചില്ലെന്നാണ് കടയുടമകളുടെ പരാതി. എന്തായാലും, വരുന്ന മൂന്ന് ദിവസത്തിനകം തെളിവുകൾ സഹിതം ‘ഉരുളി കള്ളനെ’ പിടികൂടുമെന്ന പോലീസിന്റെ വാക്കിൽ പ്രതീക്ഷ അർപ്പിച്ചിരിക്കുകയാണ് കടയുടമകൾ.
