തിരുവനന്തപുരം: സഹകരണ ബാങ്കുകൾ ഇന്നും നാളെയും തുറന്ന് പ്രവർത്തിക്കാൻ നിർദ്ദേശം. സഹകരണ രജിസ്ട്രാറാണ് പ്രവർത്തന ഉത്തരവിറക്കിയത്. ഇന്ന്, ശനിയാഴ്ച്ച പൂർണമായും നാളെ ഞായറാഴ്ച്ച അതാത് ഭരണ സമിതി തീരുമാനപ്രകാരവും സഹകരണ ബാങ്കുകൾ തുറന്ന് പ്രവർത്തിപ്പിക്കണമെന്നാണ് ഉത്തരവ്. തിങ്കളും ചൊവ്വയും ദേശീയ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ശനി, ഞായർ ദിവസങ്ങളിലെ അവധി റദ്ദാക്കി ഉത്തരവിറങ്ങിയത്.
ദേശീയ പണിമുടക്കിന്റെ സാഹചര്യത്തിലാണ് സഹകരണ രജിസ്ട്രാർ വാരാന്ത്യ അവധിദിനങ്ങൾ റദ്ദാക്കിയതെന്നാണ് റിപ്പോർട്ട്. ഇതോടെ തുടർച്ചയായി നാലു ദിവസം സഹകരണ ബാങ്കുകൾ അടഞ്ഞു കിടക്കുന്ന സാഹചര്യം ഒഴിവാകും. അതേസമയം ഇന്ന് മുതൽ നാല് ദിവസം സംസ്ഥാനത്തെ മറ്റ് ബാങ്കുകൾ അടഞ്ഞു കിടക്കും.
നാലാം ശനിയും ഞായറും ബാങ്കുകൾക്ക് അവധി ദിനങ്ങളാണ്. ഇതിന് പുറമെയാണ് രണ്ട് ദിവസം പണിമുടക്ക് കൂടി വരുന്നത്. ട്രേഡ് യൂണിയൻ പണിമുടക്കിൽ സഹകരിക്കുമെന്ന് ബാങ്ക് ജീവനക്കാരുടെ സംഘടനകളും അറിയിച്ചിട്ടുണ്ട്. ഓൺലൈൻ ബാങ്കിങ് ഇടപാടുകളെ സമരം ബാധിക്കില്ലെന്നാണ് പ്രതീക്ഷ.
