സംസ്ഥാനത്തെ ജനജീവിതം ദുഷ്‌കരമാകുന്ന തരത്തില്‍ സര്‍വമേഖലകളിലും അന്യായമായി വര്‍ധിപ്പിച്ച നികുതി സര്‍ക്കാര്‍ പിന്‍വലിക്കണം എന്ന് ആവശ്യപ്പെട്ടു എസ്ഡിപി ഐ കിഴുവിലം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കിഴുവിലം വില്ലേജ് ഓഫീസിനു മുൻപിൽ ധർണ നടത്തി.
സംസ്ഥാനത്ത് ജനങ്ങള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. നോട്ട് നിരോധനം, ജിഎസ്ടി ഉള്‍പ്പെടെയുള്ള കേന്ദ്ര സര്‍ക്കാരിന്റെ വികലമായ സാമ്പത്തികപരിഷ്‌കാരങ്ങള്‍ രാജ്യത്തിന്റെ സാമ്പത്തിക രംഗം തകര്‍ത്തു തരിപ്പണമാക്കി. കൂടാതെ കഴിഞ്ഞ രണ്ടു വര്‍ഷമായി തുടരുന്ന കൊവിഡ് മഹാമാരി മൂലം ജനജീവിതം ദുസ്സഹമായിരിക്കുകയാണ്. ചെറുകിട വ്യാപാര മേഖലയുള്‍പ്പെടെ തൊഴില്‍-വ്യവസായ- വ്യാപാര മേഖലയെല്ലാം കടുത്ത പ്രതിസന്ധിയിലാണ്. അതില്‍ നിന്നെല്ലാം സാവധാനം കരകയറി വരുന്നതിനിടയിലാണ് സംസ്ഥാന സര്‍ക്കാര്‍ 2022-23 ബജറ്റിലൂടെ ജനങ്ങളുടെ മേല്‍ അമിതനികുതി ഭാരം കൂടി അടിച്ചേല്‍പ്പിക്കുന്നത്.
ഭൂ നികുതി, കെട്ടിട നികുതി, വൈദ്യുതി ചാര്‍ജ്, വെള്ളകരം, മോട്ടോര്‍ വാഹന നികുതി, കുപ്പിവെള്ളം വില തുടങ്ങി സര്‍വമേഖലകളിലും അന്യായമായി നികുതി വര്‍ധിപ്പിച്ച് ജനജീവിതം ദുഷ്‌കരമാക്കുന്ന നടപടികളുമായാണ് ഇടതുസര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. ഭൂമിയുടെ ന്യായവില വര്‍ധിപ്പിച്ചതോടെ രജിസ്ട്രേഷന്‍ ചെലവും ആനുപാതികമായി വര്‍ധിക്കും. ഇതോടെ സ്വന്തമായി ഒരു കിടപ്പാടം എന്ന സ്വപ്‌നത്തിനുമേല്‍ കരിനിഴല്‍ വീണിരിക്കുകയാണ്. മോട്ടോര്‍ വാഹന നികുതി കൂടാതെ പഴയ വാഹനങ്ങള്‍ക്ക് ഹരിത നികുതിയും വര്‍ധിപ്പിച്ചിരിക്കുകയാണ്. കുടിവെള്ളത്തിനുള്ള നികുതി പോലും അന്യായമായി വര്‍ധിപ്പിച്ചിരിക്കുന്നു. ഓരോ വര്‍ഷവും കെട്ടിട നികുതി 5% വര്‍ധിക്കുന്ന തരത്തിലാണ് നിലവിലെ നികുതി നയം. കൂടാതെ ഭൂമിയുടെ ന്യായവിലയുടെ നിശ്ചിത ശതമാനം കൂടി മാനദണ്ഡത്തില്‍ ഉള്‍പ്പെടുത്തിയാണ് വസ്തുനികുതി നിശ്ചയിക്കുന്നത്. വൈദ്യുതി നിരക്കും ഫിക്‌സഡ് ചാര്‍ജുമുള്‍പ്പെടെ വന്‍ വര്‍ധനയാണ് തീരുമാനിച്ചിരിക്കുന്നത്.
തൊഴിലും ഉപജീവനമാര്‍ഗങ്ങളും നഷ്ടപ്പെട്ട് വറുതിയിലായ ജനലക്ഷങ്ങളെ ഇനിയും തീരാദുരിതത്തിലാക്കുന്ന തരത്തിലുള്ള അന്യായ നികുതി വര്‍ധന പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്ന് ധർണ ഉൽഘാടനം ചെയ്ത നസീർ കല്ലമ്പലം ആവശ്യപ്പെട്ടു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അൻസാർ അധ്യക്ഷൻ ആയിരുന്നു. മണ്ഡലം പ്രസിഡന്റ് നിസാം മുടപുരം, സെക്രട്ടറി അഡ്വ. ഷിബു, ഷെഫീഖ്, ജബ്ബാർ, അനസ്, സുധീർ, സലീം എന്നിവർ സംസാരിച്ചു.
