January 15, 2026

കലാകാരന്മാര്‍ക്ക് താമസിച്ച് ചിത്ര, ശില്പ നിര്‍മാണം നടത്തുന്നതിനായി കേരള ലളിതകലാ അക്കാദമി കിളിമാനൂര്‍ രാജാ രവിവര്‍മ സാംസ്കാരിക നിലയത്തില്‍ നിര്‍മിച്ച ആര്‍ട്ടിസ്റ്റ്സ് റസിഡന്‍സി സ്റ്റുഡിയോ തുറന്നു. രാജാ രവിവര്‍മയുടെ 174-ാം ജന്മദിനത്തിലാണ് സ്റ്റുഡിയോ കലാകാരന്മാര്‍ക്കായി തുറന്നു കൊടുത്തത്.
സ്റ്റുഡിയോയുടെ ഉദ്ഘാടനം സാംസ്കാരിക മന്ത്രി സജി ചെറിയാന്‍ നിര്‍വ്വഹിച്ചു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം ഒ. എസ്. അംബിക എം. എല്‍. എ. ഉദ്ഘാടനം ചെയ്തു.
വിദേശികളെ വരെ ആകര്‍ഷിക്കുന്ന വിധത്തില്‍ കൂടുതല്‍ സംവിധാനങ്ങളും സൗകര്യങ്ങളും രാജാ രവിവര്‍മ സാംസ്കാരിക നിലയത്തില്‍ ഒരുക്കുമെന്ന് ഒ. എസ്. അംബിക പറഞ്ഞു. രാജാ രവിവര്‍മയുടെ ജന്മസ്ഥലത്ത് കലാകാരന്മാര്‍ക്ക് സര്‍ഗസൃഷ്ടിയില്‍ ഏര്‍പ്പെടുന്നതിനായി ആര്‍ട്ടിസ്റ്റ്സ് റസിഡന്‍സി സ്റ്റുഡിയോ ഒരുക്കാനായതില്‍ അഭിമാനമുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

രാജാ രവിവര്‍മയെന്ന പേരിനാല്‍ ലോകത്തിന്‍റെ സാംസ്കാരിക ഭൂപടത്തില്‍ കിളിമാനൂരിലെ ആര്‍ട്ടിസ്റ്റ്സ് റസിഡന്‍സി സ്റ്റുഡിയോ ഇടം പിടിക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ലളിതകലാ അക്കാദമി ചെയര്‍പേഴ്സണ്‍ മുരളി ചീരോത്ത് പറഞ്ഞു. ടൂറിസം ഭൂപടത്തില്‍ സാംസ്കാരിക നിലയത്തിന് ഇടം നേടിക്കൊടുക്കാന്‍ ലളിതകലാ അക്കാദമി പരിശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാന നിര്‍മിതി കേന്ദ്രം റിജണല്‍ എന്‍ജിനീയര്‍ ബൈജു എസ്, ഗവ. കോണ്‍ട്രാക്ടര്‍ നന്ദു. സി. ജിഎന്നിവരെ ചടങ്ങില്‍ ആദരിച്ചു. 

കിളിമാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ടി. ആര്‍. മനോജ്, ലളിതകലാ അക്കാദമി സെക്രട്ടറി എന്‍. ബാലമുരളികൃഷ്ണന്‍, ലളിതകലാ അക്കാദമി മുന്‍ ചെയര്‍മാന്‍ നേമം പുഷ്പരാജ്, രാജാ രവിവര്‍മ കള്‍ച്ചറല്‍ സൊസൈറ്റി സെക്രട്ടറി എം. ഷാജഹാന്‍, കിളിമാനൂര്‍ കൊട്ടാരം പ്രതിനിധി ബിജു രാമവര്‍മ തുടങ്ങിയവര്‍ സംസാരിച്ചു.

രാജാ രവിവര്‍മ ആര്‍ട്ട് ഗാലറിയോടു ചേര്‍ന്ന് ആധുനിക സംവിധാനങ്ങളോടെയാണ് കേരളീയ വാസ്തുശൈലിയിലുള്ള ഇരുനിലക്കെട്ടിടം ഒരുക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *