January 15, 2026

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഉഷ്ണതരംഗം കേരളത്തിലേക്കും. സംസ്ഥാനത്തെ താപനില ഇനിയും ഉയരും. കര്‍ണാടക, കേരളം ഉള്‍പ്പെടുന്ന മേഖലയിലാണ് ഉഷ്ണതരംഗം കൂടുന്നത്. ഇതോടെ 40 ഡിഗ്രിക്ക് മുകളിലാകും താപനില.
വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് മഴയുണ്ടാകുമെങ്കിലും ഉഷ്ണതരംഗ സ്വാധീനത്താല്‍ താപനില വര്‍ധിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകന്‍ അഭിലാഷ് ജോസഫ് പറഞ്ഞു. 2010ന് ശേഷമുള്ള വലിയ ഉഷ്ണതരംഗമാണിപ്പോള്‍ ഉത്തരേന്ത്യയില്‍. 2010 ഏപ്രിലില്‍ 11 തവണ ഉഷ്ണതരംഗമുണ്ടായി.

ഈ വര്‍ഷം എട്ടുതവണ ചൂട് കൂടി. നിരപ്പായയിടങ്ങളില്‍ 40 ഡിഗ്രിക്കും തീരമേഖലകളില്‍ 37നും ഉയര്‍ന്ന പ്രദേശങ്ങളില്‍ 30നും മുകളില്‍ താപനില എത്തുന്നതാണ് ഉഷ്ണതരംഗം. വേനല്‍മഴയാണ് ചൂട് ഒരുപരിധിവരെ തടഞ്ഞത്. ഉഷ്ണതരംഗത്തിന്റെ തുടര്‍ച്ചയായുണ്ടാകുന്ന എതിര്‍ചുഴലി എന്ന വായുപ്രതിഭാസമാണ് കിലോമീറ്റര്‍ അകലേയ്ക്ക് താപവ്യാപനമുണ്ടാക്കുന്നത്.
ഭൗമപ്രതലത്തില്‍നിന്ന് ഒന്നരക്കിലോമീറ്റര്‍വരെ ഉയരത്തിലാകും ഈ പ്രതിഭാസം. തമിഴ്‌നാട്ടില്‍നിന്നുള്ള വരണ്ട കാറ്റും ചൂട് കൂടാനിടയാക്കുന്നു. കോഴിക്കോട്, പാലക്കാട്, കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂര്‍ ജില്ലകളില്‍ ചൂട് സാധാരണ വേനല്‍ക്കാലത്തേക്കാള്‍ രണ്ടുമുതല്‍ അഞ്ച് ഡിഗ്രിവരെ വര്‍ധിച്ചു.

അതേസമയം ദില്ലിയില്‍ കൊടും ചൂട് തുടരുകയാണ്. ഇന്നലെ താപനില 46 ഡിഗ്രിയിലെത്തി. 12 വര്‍ഷത്തിലെ ഏറ്റവും കൂടിയ ചൂടാണ് ഇപ്പോള്‍ ദില്ലിയില്‍ അനുഭവപ്പെടുന്നത്. സാധാരണ 41 ഡിഗ്രിക്ക് താഴെയാണ് ഏപ്രില്‍ മാസത്തെ താപനില.
ഡൽഹിയിൽ ഇന്ന് ശക്തമായ പൊടിക്കാറ്റ് ഉണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനം. മെയ് രണ്ട് വരെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ തീവ്ര ഉഷ്ണ തരംഗ സാധ്യതയും പ്രവച്ചിച്ചിട്ടുണ്ട്.

അന്തരീക്ഷ താപനില 46 ഡിഗ്രി സെൽഷ്യസിന് മുകളിൽ തുടർന്നാൽ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന അതി തീവ്ര ഉഷ്ണ തരംഗം ഡൽഹിയിൽ രൂപം കൊള്ളുമെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്.

Leave a Reply

Your email address will not be published. Required fields are marked *