സ്വര്‍ണാഭരണങ്ങള്‍ക്ക് പരിശുദ്ധിയുടെ മുദ്രപതിപ്പിക്കുന്ന ഹാള്‍മാര്‍ക്ക് സംവിധാനം ജൂണ്‍ ഒന്നുമുതല്‍ നിര്‍ബന്ധം. ഇതോടെ 14, 18, 22 കാരറ്റ് സ്വര്‍ണാഭരണങ്ങള്‍ മാത്രമേ ജൂവലറികള്‍ക്ക് വില്‍ക്കാനാകൂ. ആറുലക്ഷത്തോളം സ്വര്‍ണവ്യാപാരികളുള്ള ഇന്ത്യയില്‍ 34,647 പേര്‍ക്കേ ഇപ്പോള്‍ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് (ബി.ഐ.എസ്.) ഹാള്‍മാര്‍ക്ക് ലൈസന്‍സുള്ളൂ. പന്ത്രണ്ടായിരത്തോളം ജൂവലറികളുള്ള സംസ്ഥാനത്ത് 8200 പേരും ഇപ്പോള്‍ ലൈസന്‍സിന് പുറത്താണ്. ഒന്നരമാസത്തിനുള്ളില്‍ ഒരുലക്ഷം ജൂവലറികള്‍ കൂടി ലൈസന്‍സ് എടുക്കുമെന്ന പ്രതീക്ഷയിലാണ് കേന്ദ്ര ഉപഭോക്തൃകാര്യവകുപ്പ്.ഹാള്‍മാര്‍ക്കിംഗ് നിര്‍ബന്ധമാക്കിയ ജില്ലകളുടെ പട്ടികയില്‍ 32 ജില്ലകള്‍കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേരളത്തില്‍ ഇടുക്കി ഒഴികെയുള്ള എല്ലാ ജില്ലകളും നിര്‍ബന്ധിത ഹാള്‍മാര്‍ക്കിംഗ് ഉത്തരവിന്റെ പരിധിയില്‍ വരും. വാങ്ങുന്ന ആഭരണങ്ങളില്‍ എച്ച്.യു.ഐ.ഡി ഉള്‍പ്പെടെ മൂന്ന് മാര്‍ക്ക് നോക്കണമെന്നും ബി.ഐ.എസ് കെയര്‍ ആപ് ഉപയോഗിച്ച് എച്ച്.യു.ഐ.ഡിയുടെ ആധികാരികത പരിശോധിക്കാവുന്നതാണെന്നും ബ്യൂറോ ഒഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ്സ് വ്യക്തമാക്കിസ്വര്‍ണവ്യാപാരരംഗത്തെ വ്യാജന്മാരെ ഇല്ലാതാക്കാന്‍ ഹാള്‍മാര്‍ക്കിങ് നിര്‍ബന്ധമാക്കുന്നതിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തല്‍. അതേസമയം, ചെറുകിട കച്ചവടക്കാരെ ഇത് താത്കാലികമായെങ്കിലും ദോഷകരമായി ബാധിക്കും. ഹാള്‍മാര്‍ക്കിങ് നിര്‍ബന്ധമാക്കുന്നതോടെ വില്‍ക്കുന്നതിനെല്ലാം ബി.ഐ.എസ് മുദ്ര വേണ്ടിവരും. രണ്ട് ഗ്രാമിന് മുകളിലുള്ള ആഭരണങ്ങളിലെല്ലാം ബി.ഐ.എസ് മുദ്ര പതിപ്പിക്കേണ്ടിവരും. കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച ഹാള്‍മാര്‍ക്കിങ് സെന്ററുകളില്‍ നിന്നാണ് ബി.ഐ.എസ് സര്‍ട്ടിഫിക്കേഷന്‍ നേടേണ്ടത്. 2021 ജനുവരി 15 മുതല്‍ രാജ്യത്തുടനീളം സ്വര്‍ണാഭരണങ്ങള്‍ക്ക് ഹാള്‍മാര്‍ക്കിങ് നിര്‍ബന്ധമാക്കുമെന്ന് കേന്ദ്രം 2019 നവംബറില്‍ പ്രഖ്യാപിച്ചതാണ്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജൂണ്‍ ഒന്നുവരെ സമയപരിധി നീട്ടിനല്‍കുകയായിരുന്നു
