January 15, 2026

ഇടുക്കി:സർക്കസ് കൂടാരത്തിലെ പ്രണയജോഡികൾക്ക് മലയോരമണ്ണിൽ മംഗല്യം. ജംമ്പോ സർക്കസിലെ കലാകാരന്മാർ കാഞ്ഞിരമറ്റം മഹാദേവ ക്ഷേത്രത്തിൽ വെച്ച് വിവാഹിതരായി.

ഉത്തരേന്ത്യൻ കലാകാരന്മാരായ കിന്റുവും രേഷ്മയുമാണ് തൊടുപുഴയിലെ ക്ഷേത്രത്തിൽ വച്ച് വിവാഹിതരായത്. നവദമ്പതികളെ ആശീർവദിക്കാനും സമ്മാനങ്ങൾ നൽകാനും സർക്കസിലെ മറ്റ് കലാകാരന്മാരും ക്ഷേത്രത്തിൽ ഒത്തു ചേർന്നു.

ജംബോ സർക്കസിന്റെ രണ്ട് ഗ്രൂപ്പുകളിലായിരുന്നു ഇരുവരും പ്രകടനം നടത്തിയിരുന്നത്. ഫ്‌ളൈയിംഗ് ട്രപ്പീസ്, ഗ്ലോബ് റൈഡിംഗ്,ലൂസ് വയർ,കത്തി അഭ്യാസം എന്നിവയിൽ വിദഗ്ധനാണ് കിന്റു. രേഷ്മയാവട്ടെ സാരി ബാലൻസിംഗ്,ഹൈ വീൽ സൈക്ലിങ് എന്നിവയാണ് അവതരിപ്പിക്കുന്നത്. ബിഹാറുകാരനായ കിന്റു മുർമുവും മദ്ധ്യപ്രദേശുകാരി രേഷ്മയും മൂന്നു കൊല്ലമായി പ്രണയത്തിലായിരുന്നു.

തുടർന്ന് വീട്ടുകാരുടെ സമ്മതത്തോടെ കല്ല്യാണം കഴിക്കാനും തീരുമാനിച്ചു. എന്നാൽ കൊറോണ കാരണം സർക്കസ് നിലച്ചപ്പോൾ ഇരുവർക്കും സ്വന്തം നാട്ടിലേയ്‌ക്ക് മടങ്ങേണ്ടി വന്നു.

പിന്നെ വീണ്ടുമൊന്നിക്കുന്നത് തൊടുപുഴയിൽ വച്ചാണ്. തുടർന്നാണ് ഇവിടെ വച്ച് തന്നെ കല്ല്യാണം നടത്താനും തീരുമാനിക്കുകയായിരുന്നു. തൊടുപുഴ കാഞ്ഞിരമറ്റം മഹാദേവ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. കൗതുകകരമായ കല്ല്യാണത്തിൽ പങ്കെടുക്കാനും വധുവരന്മാർക്ക് ആശംസ നേരാനും നിരവധി നാട്ടുകാരും ക്ഷേത്രങ്കാണത്തിലെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *