തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസ് സേനയുടെ തലപ്പത്ത് വൻ അഴിച്ചുപണി. ക്രൈം ബ്രാഞ്ച് മേധാവി, വിജിലൻസ് ഡയറക്ടർ, ജയിൽ മേധാവി, ട്രാൻസ്പോർട്ട് കമ്മീഷണർ എന്നിവരെയാണ് മാറ്റിയത്.
ക്രൈം ബ്രാഞ്ച് മേധാവിയായിരുന്നു എസ് ശ്രീജിത്തിനെ ട്രാൻസ്പോർട്ട് കമ്മീഷണറായിട്ടാണ് നിയമിച്ചിരിക്കുന്നത്. നടിയെ ആക്രമിച്ച കേസും, ദിലീപ് പ്രതിയായ വധഗൂഢാലോചനക്കേസും നിര്‍ണായക വഴിത്തിരിവില്‍ നില്‍ക്കവെയാണ് സർക്കാരിന്റെ ഈ അഴിച്ചുപണി എന്നത് ശ്രദ്ധേയമാണ്.
നടിയെ ആക്രമിച്ച കേസിൽ ക്രൈംബഞ്ച് അഭിഭാഷകരെ ചോദ്യം ചെയ്യാൻ നോട്ടീസ് നൽകിയത് വലിയ വിവാദങ്ങൾക്ക് വഴി തെളിച്ചിരുന്നു. ഇതിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് മേധാവിക്കെതിരെ നിരവധി പരാതികൾ സർക്കാരിന് മുന്നിൽ എത്തുകയും ചെയ്തിരുന്നു. അതാണോ പെട്ടെന്നുള്ള ഈ അഴിച്ചുപണിക്ക് പിന്നിൽ എന്നത് വ്യക്തമല്ല. പുതിയ ക്രൈംബ്രാഞ്ച് മേധാവിയായി ഷേഖ് ദർവേസ് സാഹിബിനാണ് ചുമതല ലഭിച്ചിരിക്കുന്നത്. ഇദ്ദേഹം ജയിൽ മേധാവിയായിരുന്നു.
സുദേഷ് കുമാർ ജയിൽ മേധാവിയാകും. വിരമിക്കാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് വിജിലൻസ് മേധാവിയായ സുദേഷ് കുമാറിനെ മാറ്റി ട്രാൻസ്പോർട് കമ്മീഷണറായിരുന്ന എം ആർ അജിത്ത് കുമാറിന് പകരം ചുമതല നൽകിയിരിക്കുന്നത്.
