കൊല്ലം: കുഞ്ഞിന്റെ പേരിടലിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ ബാലാവകാശ കമ്മീഷന് പരാതി നൽകി പിതാവ്. 40 ദിവസം മാത്രം പ്രായമായ കുഞ്ഞിന്റെ സ്വകാര്യതയെ മാനിക്കാതെ വീഡിയോ വൈറലാക്കിയതിനെതിരെയാണ് പിതാവ് ബാലാവകാശ കമ്മീഷന് പരാതി നൽകിയിരിക്കുന്നത്. കുടുംബത്തിൽ ഒതുക്കേണ്ട പ്രശ്നം സോഷ്യൽ മീഡിയയിൽ വൈറലായതിൽ വിഷമമുണ്ടെന്ന് പിതാവ് പറഞ്ഞു.
വീഡിയോ പുറത്തുവിട്ടത് ആരാണെന്ന് അറിയാൻ സൈബർ സെല്ലിൽ പരാതി നൽകാൻ ആലോചിക്കുന്നതായും പിതാവ് പറഞ്ഞു. എല്ലാ കുടുംബത്തിലും ഉള്ളതു പോലെ തന്നെ ചില അഭിപ്രായ വ്യത്യാസങ്ങളും വഴക്കുകളും തങ്ങളുടെ കുടുംബത്തിലുമുണ്ട്. അല്ലാതെ വലിയ പ്രശ്നങ്ങൾ ഒന്നുമില്ല. എന്നാൽ വീഡിയോ വൈറലാക്കിയെന്ന് പറഞ്ഞ് ഭാര്യാവീട്ടുകാർ പ്രശ്നമുണ്ടാക്കിയെന്നും പിതാവ് പറഞ്ഞു.
കൊല്ലം ജില്ലയിലെ തെന്മലയിലാണ് കുഞ്ഞിന്റെ പേരിടീലിനെ തുടർന്നുണ്ടായ തർക്കത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായത്. പിതാവ് വിളിച്ച പേര് അമ്മയ്ക്ക് ഇഷ്ടമാകാതെ വന്നതോടെ കുഞ്ഞിനെ അമ്മ മറ്റൊരു പേര് വിളിക്കുകയായിരുന്നു. തുടർന്ന് ഇരുകുടുംബത്തിലേയും ബന്ധുക്കൾ തമ്മിൽ വാക്കുതർക്കവും കയ്യാങ്കളിയുമായി. ഇതിനിടെ ആരോ പകർത്തിയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയായിരുന്നു.
