തിരുവനന്തപുരം: എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ ലീഗിനെ പുകഴ്ത്തിയത് ആശയക്കുഴപ്പം സൃഷ്ടിക്കാനാണെന്ന് മുസ്ലീം ലീഗ് നേതാവ് പി കുഞ്ഞാലിക്കുട്ടി. യുഡിഎഫിന്റെ നട്ടെല്ലാണ് ലീഗ്. ഇപി ജയരാജന്റെ പ്രസ്താവനയിൽ സിപിഎമ്മിനാണ് ആശയക്കുഴപ്പം. യുഡിഎഫിനോ ലീഗിനോ ഇക്കാര്യത്തിൽ അവ്യക്തത ഇല്ല. പിന്നെ എന്തിനാണ് ഇക്കാര്യം ചർച്ച ചെയ്യുന്നതെന്നും അങ്ങനെയൊരു പ്രശ്നം ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ചക്കിനു വച്ചത് കൊക്കിനുകൊണ്ടു എന്ന അവസ്ഥയിലാണ് എൽഡിഎഫ് ഇപ്പോൾ. എൽഡിഎഫിലാണ് ആശയക്കുഴപ്പമുണ്ടായത്.അവിടെ അസംതൃപ്തർ വർദ്ധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭരണം ലീഗിന് പ്രധാനമല്ല. എൽഡിഎഫിലെ അതൃപ്തരെ യുഡിഎഫിൽ എത്തിക്കാൻ രാഷ്ട്രീയ നൈപുണ്യം ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫ് നേതാക്കളോട് മൃദു സമീപനമില്ല. ബഹുമാനവും സ്നേഹവും കൊടുത്തുമാത്രമേ എത്ര കടുത്ത വിമർശനവും പാടുള്ളൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
