കാക്കനാട്: സംസ്ഥാന സർക്കാരിന്റെ ലോട്ടറി ടിക്കറ്റുകളുടെ അച്ചടി നിലച്ചു. ഇന്നലെയും വ്യാഴാഴ്ചയും അച്ചടി നടന്നിട്ടില്ല. സംസ്ഥാന സർക്കാരിന്റെ 6 ലോട്ടറി ടിക്കറ്റുകളിൽ 5 എണ്ണവും അച്ചടിക്കുന്നത് കെ.ബി.പി.എസിലാണ്. കേരള ബുക്‌സ്ആൻഡ് പബ്ലിക്കേഷൻ സൊസൈറ്റിയിലെ സെക്യൂരിറ്റി പ്രസിൽ അച്ചടി യന്ത്രം തകരാറിലായതാണ് അച്ചടി നിലക്കാൻ കാരണം. വിൻവിൻ, അക്ഷയ, കാരുണ്യ പ്ലസ്, നിർമൽ, കാരുണ്യ ടിക്കറ്റുകളാണ് ഇവിടെ അച്ചടിക്കുന്നത്.
യന്ത്രത്തിന്റെ കേടായ ഭാഗങ്ങൾ വിദേശത്തു നിന്ന് എത്തിക്കാനുള്ള ശ്രമത്തിലാണ്. ഇന്നു പുലർച്ചെയോടെ ഇവ എത്തിയാൽ വൈകാതെ അച്ചടി പുനരാരംഭിക്കാനാകുമെന്ന് അധികൃതർ പറഞ്ഞു. ഒരാഴ്ചത്തേക്കുള്ള പ്രതിവാര ലോട്ടറി ടിക്കറ്റുകൾ മുൻകൂട്ടി അച്ചടിക്കാറുള്ളതിനാൽ സമീപ ദിവസങ്ങളിലെ ലോട്ടറി ടിക്കറ്റ് വിൽപനയെ ഇതു ബാധിക്കില്ല.
