കോട്ടയം പേരൂരിൽ മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു. പേരൂർ പള്ളിക്കുന്നേൽ കടവിലാണ് സംഭവം. മാന്നാനം സെന്റ് എംസ് സ്കൂൾ വിദ്യാർത്ഥി ചെറുവാണ്ടൂർ വെട്ടിക്കൽ വീട്ടിൽ സുനിലിന്റെ മകൻ നവീൻ (15), ഏറ്റുമാനൂർ ബോയ്സ് ഹൈസ്കൂൾ വിദ്യാർത്ഥി ചെറുവാണ്ടൂർ കിഴക്കേ മാന്തോട്ടത്തിൽ ലിജോയുടെ മകൻ അമൽ (16) എന്നിവരാണ് മരിച്ചത്. നാലു കുട്ടികളാണ് പള്ളിക്കുന്നേൽ കടവിൽ കുളിക്കാനെത്തിയത്. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടമുണ്ടായത്. രണ്ടുപേർ ഒഴുക്കിപ്പെട്ട് കാൽ വഴുതി മുങ്ങിത്താഴുകയായിരുന്നു. കുട്ടികളുടെ കരച്ചിൽ കേട്ട് സമീപവാസികൾ ഓടിയെത്തി രണ്ടു പേരെയും പുറത്തെടുത്തെങ്കിലും ഒരാൾ മരിച്ചിരുന്നു. ഒരു കുട്ടിയെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
