പാലക്കാട്: കുഴല്‍മന്ദത്ത് കെഎസ്ആര്‍ടിസി ബസ്സിടിച്ച് 2 യുവാക്കള്‍ മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ കേസ്. തുടരന്വേഷണത്തില്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കെഎസ്ആര്‍ടിസി ഡ്രൈവര്‍ സി.എസ്.ഔസേപ്പിനെതിരെ ഐ പി സി 304 വകുപ്പ് ചുമത്തി കോടതിയില്‍ റിപ്പോര്‍ട്ട് നല്കി
ജില്ലാ ക്രൈം റിക്കോര്‍ഡ്സ് ബ്യൂറോ ഡിവൈഎസ്പി എം.സുകുമാരന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ജാമ്യമില്ലാ വകുപ്പ് ചുമത്തിയത്. ദൃക്സാക്ഷികളായ മൂന്നു പേരുടെ മൊഴിയും ദൃശ്യങ്ങളും പരിശോധിച്ചാണ് ജാമ്യമില്ലാ വകുപ്പ് കൂട്ടിച്ചേര്‍ത്തത്. നേരത്തെ പൊലീസ് 304 എ വകുപ്പ് ചുമത്തി ഔസേപ്പിനെ സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചിരുന്നു
കഴിഞ്ഞ ഫെബ്രുവരി 7നാണ് കേസിനാസ്പദമായ സംഭവം. ആദര്‍ശ് മോഹന്‍, സാബിത്ത് എന്നിവരാണ് അപകടത്തില്‍ മരിച്ചത്. അപകട ദൃശ്യങ്ങള്‍, പുറത്തുവന്നതോടെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ മന:പൂര്‍വ്വം അപകടമുണ്ടാക്കിയെന്ന ആരോപണം ബന്ധുക്കള്‍ ഉന്നയിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചത്.
