തിരുവനന്തപുരം: അപകടത്തിൽ പരിക്കേറ്റ പിഞ്ചുകുഞ്ഞിന് രക്ഷകനായി സ്പീക്കർ എം ബി രാജേഷ്. സ്പീക്കറുടെ മണ്ഡലമായ തൃത്താലയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടയിലായിരുന്നു സംഭവം. തിങ്കളാഴ്ച രാത്രി പത്തോടെ ആറ്റിങ്ങൽ മംഗലപുരത്താണ് അപകടം നടന്നത്. മംഗലപുരത്ത് ദേശീയപാതയിൽ ചോരയിൽ കുളിച്ചുകിടക്കുന്ന കുഞ്ഞിനെ കണ്ട് സ്പീക്കർ വാഹനം നിർത്തുകയായിരുന്നു.വാഹനാപകട സമയത്ത് കുഞ്ഞ് റോഡിലേക്ക് തെറിച്ചുവീണതാണെന്ന് മനസ്സിലായ സ്പീക്കർ വാഹനത്തിൽ ഉള്ളവരെ ആശുപത്രിയിലെത്തിക്കാൻ പൈലറ്റ് പൊലീസുകാർക്ക് നിർദേശം നൽകി. ഉടൻ തന്നെ സ്പീക്കർ കുഞ്ഞുമായി തൊട്ടടുത്തുള്ള കഴക്കൂട്ടം സിഎസ്ഐ മിഷൻ ഹോസ്പിറ്റലിലേക്ക് തിരിച്ചു.. പ്രാഥമിക ചികിത്സക്ക് ശേഷം കുഞ്ഞിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. നിലവിൽ കുഞ്ഞും മാതാപിതാക്കളും അപകടനില തരണം ചെയ്തെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. തിരുവനന്തപുരം കണിയാപുരം സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്.
