January 15, 2026

ഇടുക്കി: ഇടുക്കി തൊടുപുഴയിൽ പതിനേഴുകാരി പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. തൊടുപുഴ സ്വദേശി വിനീഷ് വിജയനെയാണ് പൊലീസ് പിടികൂടി റിമാൻഡ് ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 14 ആയി. പീഡനത്തിന് ഒത്താശ ചെയ്ത പെൺകുട്ടിയുടെ അമ്മയും ഇക്കൂട്ടത്തിലുണ്ട്. പതിനേഴുകാരിയെ ഒന്നര വർഷത്തിനിടെ അമ്മയുടെ ഒത്താശയോടെ പതിനഞ്ചിലധികം പേർ പീഡിപ്പിച്ചെന്നാണ് കേസ്.ഒന്നര വർഷത്തിനിടെ 15 ലധികം പേർ പീഡിപ്പിചെന്നാണ് പെൺകുട്ടിയുടെ മൊഴി. ബാക്കിയുള്ളവരെ കൂടി ഉടൻ പിടികൂടുമെന്നും തൊടുപുഴ പൊലീസ് അറിയിച്ചു. രക്ഷിതാക്കളുടെ അറിവില്ലാതെ നിരവധി തവണ
പെണ്‍കുട്ടി പീഡിപ്പിക്കപ്പെടില്ലെന്ന ചൈൽഡ് വെൽഫയര്‍ കമ്മിറ്റിയുടെ സംശയമാണ് നേരത്തെ അമ്മയുടെ അറസ്റ്റിൽ കലാശിച്ചത്. പീഡനത്തിന് എല്ലാ ഒത്താശയും ചെയ്തത് അമ്മയായിരുന്നു. പെണ്‍കുട്ടിയെ വിട്ടുകൊടുത്തതിന് ഇടനിലക്കാരൻ ബേബിയിൽ നിന്ന് ഇവര്‍ പണവും കൈപ്പറ്റിയിരുന്നു. രോഗിയായ ഈ നാൽപത്തിരണ്ടുകാരി ആശുപത്രിയിൽ ചികിത്സയിൽ കഴിവെയാണ് തൊടുപുഴ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടാൽ കോടതിയിൽ ഹാജരാക്കും. മുത്തശ്ശിക്കും പീഡനത്തെ കുറിച്ച് അറിയാമായിരുന്നുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇവര്‍ക്കെതിരെ വിശദമായ അന്വേഷണത്തിന് ശേഷം മാത്രം നടപടി സ്വീകരിക്കൂ എന്നാണ് പൊലീസ് നിലപാട്.പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടി ഗര്‍ഭിണിയായതോടെയായിരുന്നു പീഡനവിവരം പുറത്തറിയുന്നത്. പെണ്‍കുട്ടി ഗര്‍ഭിണിയായ കാര്യം ആദ്യം അമ്മ മറച്ചുവച്ചു. വയറ് വേദന കലശലായപ്പോഴാണ് ആശുപത്രിയിൽ കാണിക്കാൻ പോലും തയ്യാറായത്. പെണ്‍കുട്ടി പ്രായപൂര്‍ത്തിയായെന്നും അമ്മ ഡോക്ടറോട് കള്ളം പറഞ്ഞു. എന്നാൽ ഡോക്ടര്‍ക്ക് സംശയം തോന്നിയതോടെയാണ് പീഡന വിവരം പോലും പുറത്തറിയുന്നത്. 2019 ൽ കുട്ടിയെ ബാലവേലയക്ക് വിട്ടെന്ന് അമ്മയ്ക്കെതിരെ പരാതി ഉയര്‍ന്നിരുന്നു. എന്നാൽ കുട്ടി നിഷേധിച്ചതോടെ കേസുണ്ടായില്ല.പിന്നീട് 2020 ൽ കുട്ടിയെ രാജാക്കാട് സ്വദേശിക്ക് കല്ല്യാണം കഴിച്ച് നൽകി. വിഷയത്തിൽ സിഡബ്ല്യുസി ഇടപെട്ടതോടെ വെള്ളത്തൂവൽ പൊലീസ് അമ്മയ്ക്കെതിരെ കേസെടുത്തു. തുടര്‍ന്നാണ് കുട്ടിയുടെ സംരക്ഷണം മുത്തശ്ശിക്ക് നൽകുന്നത്. അപ്പോഴാണ് ബേബി ഇവരെ സമീപിക്കുന്നതും പെണ്‍കുട്ടിയെ പലര്‍ക്കും കൈമാറിയതും. ബേബിയുടെ സുഹൃത്തായ തങ്കച്ചനാണ് ആദ്യം കുട്ടിയെ പീഡിപ്പിച്ചത്. പിന്നെ കോട്ടയത്തും എറണാകുളത്തുമൊക്കെ വച്ച് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടു. ഇയാൾക്ക് സെക്സ് റാക്കറ്റുമായി ബന്ധമുള്ളതായി പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *