നടൻ വിജയ് ബാബുവിനെതിരായുള്ള നടിയുടെ പരാതി ബലപ്പെടുത്തുന്ന തെളിവുകൾ പൊലീസ് ശേഖരിച്ചു. മൊഴിയില്‍ പറയുന്ന സ്ഥലങ്ങളില്‍ പരാതിക്കാരിയോടൊപ്പം അന്വേഷണസംഘം രഹസ്യമായി ചെല്ലുകയും പരാതിയില്‍ പറയുന്ന സ്ഥലങ്ങളില്‍ ഇരുവരും എത്തി എന്ന് സ്ഥിരീകരിക്കുന്ന തെളിവുകൾ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. ഇവരെ കണ്ടതായുള്ള സാക്ഷിമൊഴികളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. സാക്ഷികളുടെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും. കേസിനോട് അനുബന്ധിച്ച് ചലച്ചിത്ര പ്രവര്‍ത്തകര്‍ അടക്കം എട്ട് സാക്ഷികളുടെ മൊഴിയെടുക്കാന്‍ പൊലീസിനായിട്ടുണ്ട്.കഴിഞ്ഞ മാര്‍ച്ച് 13 മുതല്‍ ഒരു മാസം വിജയ് ബാബു തന്നെ കൊച്ചിയിലെ ഫ്‌ലാറ്റിലും ആഢംബര ഹോട്ടലിലും പാര്‍പ്പിച്ച് അതിക്രൂരമായി ബലാത്സംഗം ചെയ്‌തെന്നായിരുന്നു നടിയുടെ പരാതി. ലഹരി വസ്തുക്കള്‍ നല്‍കി അര്‍ദ്ധബോധാവസ്ഥയിലാക്കിയാണ് തന്നെ വിജയ് ബാബു ബലാത്സംഗം ചെയ്‌തെതന്ന് യുവതി പറഞ്ഞിട്ടുണ്ട്. രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ സിനിമയില്‍ കഥാപത്രങ്ങള്‍ വാഗ്ദാനം ചെയ്തും നഗ്‌ന വീഡിയോ പുറത്ത് വിടുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും നടി പറയുന്നു. ബലാത്സംഗം, ദേഹോപദ്രവം ഏല്‍പ്പിക്കല്‍ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് വിജയ് ബാബുവിനെതിരായ കേസെടുത്തിരിക്കുന്നത്. ഇത് കൂടാതെ ഫേസ്ബുക്ക് ലൈവിലൂടെ പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതിന് മറ്റൊരു കേസും വിജയ് ബാബുവിനെതിരെയുണ്ട്.അതേസമയം കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി വിജയ് ബാബു ഇന്ന് ഹര്‍ജി നല്‍കും എന്ന റിപ്പോര്‍ട്ടുകളും പുറത്തുരുന്നുണ്ട്. താനാണ് ഇരയെന്നും നിരപരാധിത്വം കോടതിയെ ബോധ്യപ്പെടുത്തുമെന്നും ആണ് വിജയ് ബാബു അവകാശപ്പെടുന്നത്. എന്നാല്‍ ശക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും വിജയ് ബാബുവിന്റെ അറസ്റ്റ് അനിവാര്യമാണെന്നുമാണ് പൊലീസ് പറയുന്നത്. വിജയ് ബാബുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണം എന്നാണ് അന്വേഷണസംഘത്തിന്റെ നിലപാട്. വിജയ് ബാബു ദുബായിലേക്ക് കടന്നത് ഏപ്രില്‍ 24 നാണ്. നടിയുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയതറിഞ്ഞ് വിദേശത്തേക്ക് കടക്കുകയായിരുന്നു. പരാതിക്കാരി പൊലീസിനെ സമീപിച്ചതിന് പിന്നാലെ ഗോവയിലേക്ക് പോയ വിജയ് ബാബു അവിടെ നിന്നും വിദേശത്തേക്ക് കടക്കുകയായിരുന്നു. വിജയ് ബാബുവിനായി രാജ്യത്തെ എല്ലാ എയര്‍പോര്‍ട്ടുകളിലും പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയാണ്. വിജയ് ബാബു വിദേശത്ത് നിന്ന് തിരിച്ചെത്തിയാല്‍ ഉടന്‍ പിടികൂടാനായാണ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരിക്കുന്നത്. വിദേശത്തുനിന്ന് തിരിച്ചുവരുന്നില്ലെങ്കില്‍ മറ്റു നടപടികളിലേക്ക് കടക്കാനും പൊലീസ് ആലോചിക്കുന്നുണ്ട്. എന്നാല്‍ നിലവില്‍ ഇന്റര്‍പോളിന്റെ സഹായമൊന്നും വേണ്ടിവരുമെന്ന് തോന്നുന്നില്ലെന്നും ആവശ്യമെങ്കില്‍ അത്തരം സഹായം തേടാമെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ എന്‍ നാഗരാജു പറഞ്ഞു.
