ന്യൂഡല്‍ഹി: മുന്‍ കേന്ദ്ര മന്ത്രിയും വിമത നേതാവുമായ കപില്‍ സിബല്‍ കോണ്‍ഗ്രസ് വിട്ടു. അദ്ദേഹം ഉടന്‍ സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നേക്കും. കപില്‍ സിബല്‍ എസ്പിയുടെ രാജ്യസഭാ എംപിയാകും. ഉത്തര്‍പ്രദേശ് വിധാന്‍ സഭയിലെത്തി കപില്‍ സിബല്‍ നോമിനേഷന് നല്കി. എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവിനൊപ്പമാണ് അദ്ദേഹം പത്രിക സമര്‍പ്പിച്ചത്. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിഷ്ക്രിയത്വം ചൂണ്ടിക്കാട്ടി രൂപപ്പെട്ട ജി23 നേതാക്കളുടെ കൂട്ടായ്മയില്‍ പ്രമുഖനായിരുന്നു കപില്‍ സിബല്‍. കോണ്‍ഗ്രസില്‍ നിന്ന് താന്‍ ഈ മാസം 16-ന് രാജിവെച്ചിട്ടുണ്ടെന്ന് പത്രിക സമര്‍പ്പിച്ച ശേഷം കപില്‍ സിബല്‍ വ്യക്തമാക്കി.
രാജസ്ഥാനില്‍ സംഘടിപ്പിച്ച ചിന്തന്‍ ശിബിരത്തിലും പങ്കെടുക്കാതെ കപില്‍ സിബല്‍ വിട്ടുനിന്നിരുന്നു. ഉത്തര്‍പ്രദേശില്‍ മൂന്ന് രാജ്യസഭാ സീറ്റുകളിലാണ് എസ്പിക്ക് വിജയിക്കാനാകുക. ഇതിലൊന്നാണ് കപില്‍ സിബലിന് നല്‍കിയിരിക്കുന്നത്. ഒരു സീറ്റ് സഖ്യകക്ഷിനേതാവും ആര്‍എല്‍ഡി അധ്യക്ഷനുമായ ജയന്ത് ചൗധരിക്കായി നീക്കിവെച്ചേക്കും.
