തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജമദ്യ വിൽപ്പനയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. എക്സൈസ് ഇന്റലിജൻസ് ആണ് ജാഗ്രതാ നിർദ്ദേശം നൽകിയത്. ബെവ്കോ ഔട്ട്ലറ്റുകളിൽ വില കുറഞ്ഞ മദ്യത്തിന്റെ ലഭ്യത കുറഞ്ഞതോടെയാണ് മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി എക്സൈസ് കരുതൽ നടപടികൾ ആരംഭിച്ചിട്ടുണ്ട്. സ്പിരിറ്റിന് വില കൂടിയതോടെയാണ് സംസ്ഥാനത്ത് ക്വാർട്ടർ മദ്യത്തിന്റെ ലഭ്യത കുറഞ്ഞതെന്ന് ബവ്റിജസ് കോർപറേഷൻ പറയുന്നു.
ഏറ്റവും കൂടുതൽ ചെലവുള്ള 180 എം.എൽ ക്വാർട്ടർ മദ്യം ഇപ്പോൾ ഔട്ട്ലെറ്റുകളിൽ എത്തുന്നില്ല. 150 മുതൽ 180 രൂപ വരെയാണ് ഇതിന് വില. 50 കെയ്സ് ക്വാർട്ടർ മദ്യം വരെ ഓരോ ഔട്ട്ലെറ്റിലും ശരാശരി വിൽക്കാറുണ്ട്. ഒരു കെയ്സിൽ 48 കുപ്പി മദ്യമാണ് ഉണ്ടാകുന്നത്. 55 രൂപയുണ്ടായിരുന്ന സ്പിരിറ്റിന് ഇപ്പോൾ 75 രൂപ വരെയായിട്ടുണ്ട്. വില വർധിച്ചതോടെ മദ്യ ഉത്പാദനം നിർത്തുകയായിരുന്നു.
ഈ സാഹചര്യത്തിൽ വ്യാജമദ്യ ലോബികളേയും അധികൃതർ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. വ്യാജമദ്യ കേസുകളിൽ ഉൾപ്പെട്ടവരും നിരീക്ഷണത്തിലാണ്
