പെരുമാതുറ : ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിലെ പെരുമാതുറ ഗവ.എൽ.പി. സ്കൂളിലെ പുതിയ കെട്ടിടത്തിൻ്റെ നിർമ്മാണം പൂർത്തിയായി. കിഫ്ബിയിൽ ഉൾപ്പെടുത്തി തീരദേശ വികസന കോർപ്പറേഷൻ മുഖേന 60.64 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം നിർമ്മിച്ചത്. കമ്പ്യൂട്ടർ ലാബ്, സ്റ്റാഫ് റൂം, ഭക്ഷണശാല, സംയോജിത ശുചിമുറി, കിച്ചൻ സംവിധാനങ്ങളാണ് പുതിയ കെട്ടിടത്തിലുൾപ്പെടുത്തിയിട്ടുള്ളത് . കെട്ടിടം ഈ മാസം 30 ന് വൈകുന്നേരം 4 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യും.
ഇതോടൊപ്പം തിരുവനന്തപുരം, കൊല്ലം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, എന്നീ ജില്ലകളിലായി നിർമ്മാണം പൂർത്തികരിച്ച 20 വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനവും നടക്കും. സ്കൂൾ തല ഉദ്ഘാടനം ചടങ്ങിൽ വി.ശശി എം.എൽ.എ അധ്യക്ഷത വഹിക്കും. അടൂർ പ്രകാശ് എം.പി മുഖ്യപ്രഭാഷണം നടത്തും. ചിറയിൻകീഴ് പഞ്ചായത്ത് പ്രസിഡൻ്റ് പി മുരളി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷൈലജ ബിംഗം , തുടങ്ങിയവർ പങ്കെടുക്കും.
പരിപാടിയുടെ വിജയത്തിന് പ്രധാന അധ്യാപിക സുനിതാ ബീഗം കൺവീനറും പഞ്ചായത്ത് വികസന കമ്മിറ്റി ചെയർമാനും വാർഡ് അംഗം കൂടിയായ എം.എ വാഹിദ് ചെയർമാനായും സ്വാഗത സംഘം രൂപീകരിച്ചു .തീരദേശ പ്രദേശമായ പെരുമാതുറയിലെ മത്സ്യതൊഴിലാളികളുടെയും കയർ തൊഴിലാളികളുടെയും മക്കളുടെ ഏക ആശ്രയമാണ് പെരുമാതുറ ഗവ. എൽ.പി.സ്കൂൾ, 130 ഓളം വർഷം പഴക്കമുള്ള വിദ്യാലയമാണിത്.

