തിരുവല്ല : കഞ്ചാവ് വില്‍പ്പന സംബന്ധിച്ച വിവരം എക്‌സൈസിന് ചോർത്തി നല്‍കിയെന്ന സംശയത്തില്‍ കിഴക്കൻ മുത്തൂരിൽ അയല്‍വാസിയെ കുത്തിപ്പരുക്കേല്‍പ്പിച്ച കേസിലെ പ്രതി പിടിയിലായി. കുറ്റപ്പുഴ കണ്ടത്തിന്‍ കരയില്‍ വീട്ടിൽ രാഹുല്‍ രാജൻ (24) ആണ് തിരുവല്ല പോലീസിന്റെ പിടിയിലായത് .കിഴക്കൻ മുത്തൂർ നാട്ടുകടവ് പയ്യാംപ്ലാത്ത വീട്ടിൽ തോമസ് ജോസഫ് (39) നെ കുത്തിപ്പരിക്കേൽപ്പിച്ച കേസിലാണ് അറസ്റ്റ് . നാട്ടുകടവ് എസ്എന്‍ഡിപി ഗുരുമന്ദിരത്തിന് സമീപം വച്ച് തിങ്കളാഴ്ച രാത്രി 10 മണിയോടെ ആയിരുന്നു സംഭവം. തോമസിന്റെ ഇടതു കൈയുടെ തോള്‍ പലകയ്ക്കും തോളിന് പിന്നിലായി വലതു വശത്തും നെറ്റിക്കും ആഴത്തില്‍ മുറിവേറ്റിരുന്നു. ഗുരുതരമായ പരുക്കുകളോടെ തോമസ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിൽ തുടരുകയാണ്. ഫഌക്‌സ് മുറിക്കാന്‍ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ചായിരുന്നു ആക്രമണമെന്ന് പോലീസ് പറഞ്ഞു. കഞ്ചാവ് കൈവശം വച്ചതിന് രാഹുല്‍ രാജിനെ
പ്രതിയാക്കി ഏതാനും മാസം മുമ്പ് എക്‌സൈസ് കേസെടുത്തിരുന്നു. മൂന്നു മാസം മുമ്പ് രാഹുല്‍ രാജന്റെ ബൈക്ക് കഞ്ചാവ് സഹിതം എക്‌സൈസ് പിടികൂടുകയും ചെയ്തിരുന്നു. തോമസിന്റെ വീടിന് മുന്നിലെ വഴിയില്‍ ഇരുന്ന ബൈക്കാണ് പിടികൂടിയത്. ഇത് ഒറ്റു കൊടുത്തത് തോമസാണ് എന്നതാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രതി പോലിസിൽ മൊഴി നൽകിയിരിക്കുനത് . ആക്രമണത്തിനിടെ രാഹുലിനും പരിക്കേറ്റിരുന്നു. തിരുവല്ല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Posted inWeb Desk
