
തിരുവനന്തപുരം : പരിസ്ഥിതി ലോല പ്രദേശം സംബന്ധിച്ച് സുപ്രീം കോടതി ഉത്തരവിന്റെയടിസ്ഥാനത്തില്‍ സംസ്ഥാനത്ത് ജനങ്ങള്‍ക്ക് ഉണ്ടായിരിക്കുന്ന ആശങ്ക പരിഹരിക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കണ്ണൂര്‍ പിണറായി കണ്വെന്ഷന് സെന്ററില്‍ ലോകപരിസ്ഥി ദിനത്തിന്റെ ഭാഗമായി വനം-വന്യജീവി വകുപ്പ് ആവിഷ്കരിച്ച വൃക്ഷസമൃദ്ധി പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
സംരക്ഷിത വനമേഖലയ്ക്ക് ചുറ്റും ഒരു കിലോമീറ്റര്‍ വീതിയില്‍ ഇക്കോ സെന്‍സിറ്റീവ് സോണ്‍ നിര്‍ബന്ധമാക്കണമെന്ന സുപ്രീം കോടതി വിധിയില്‍ ആശങ്ക വേണ്ടെന്നും സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പമുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു .
വന സംരക്ഷണ നയത്തിന്റെ ഭാഗമായാണ് സുപ്രീം കോടതിയുടെ ഉത്തരവ്. സുപ്രീം കോടതി നിലപാടിനോട് സംസ്ഥാന സര്‍ക്കാരിന് പൂര്‍ണ യോജിപ്പാണുള്ളത്. വനങ്ങള്‍ സംരക്ഷിക്കുകയും മരങ്ങള്‍ വലിയതോതില്‍ വച്ചു പിടിപ്പിക്കുകയും വേണം. കേരള സര്‍ക്കാര്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ വളരെ മുന്നേ ആരംഭിച്ചു കഴിഞ്ഞതുമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
കേരളം ജനസാന്ദ്രതയേറിയ സംസ്ഥാനമാണ്. ഇക്കാരണത്താല്‍ വനാതിര്‍ത്തികളിലും ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സാഹചര്യമാണുള്ളത്.ജനങ്ങള്‍ താമസിക്കുന്നയിടങ്ങള്‍ പരിസ്ഥിതി ലോല പ്രദേശമായി (ഇക്കോ സെന്‍സിറ്റീവ് സോണ്‍) മാറ്റരുത് എന്നാണ് സര്‍ക്കാര്‍ നേരത്തെ സ്വീകരിച്ച നിലപാട്.ഇത് കേന്ദ്ര ഗവണ്മെന്റിന്റെ പരിശോധനയിലും അന്തിമ തീരുമാന ഘട്ടത്തിലുമായിരുന്നു ഉണ്ടായിരുന്നത്. ഈ സാഹചര്യത്തിലാണ് സൂപ്രീം കോടതിയുടെ ഉത്തരവ് വരുന്നത്.
ഉത്തരവില്‍ സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കുന്ന നിലപാട് സംബന്ധിച്ചും വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യത്തിലുള്ള നടപടികള്‍ ഗൗരവത്തോടെ കേരളസര്‍ക്കാര്‍ കൈകൊള്ളും. ജനവാസ കേന്ദ്രങ്ങളിലെ ആളുകളുടെ താല്പര്യം സംരക്ഷിക്കും എന്നതാണ് കേരള സര്‍ക്കാരിന്റെ നയം. ഇക്കാര്യം കേന്ദ്ര സര്‍ക്കാറിനെ മുന്‍പ് അറിയിച്ചിട്ടുള്ളതാണ്. ഈ നിലപാടുമായി ബന്ധപ്പെട്ട് കൂടുതല്‍ ഉറപ്പ് വരുത്താനുള്ള നടപടികള്‍ സ്വീകരിക്കും. അതോടൊപ്പം വിധിയുടെ ഭാഗമായി സ്വീകരിക്കേണ്ട നടപടികള്‍ നിയമപരമായും പരിശോധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സുപ്രീം കോടതി അനുശാസിക്കുന്ന തരത്തില്‍ വന സംരക്ഷത്തില് ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ല. വനം കൃത്യമായി സംരക്ഷിക്കുന്നതിനതിനൊപ്പം ജനങ്ങളുടെ താല്പര്യവും സംരക്ഷിക്കും.എല്ലാ തരത്തിലും ജനങ്ങളോടൊപ്പമായിരിക്കും സര്‍ക്കാരെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
സംസ്ഥാനത്തിന്റെ പരിസ്ഥിതി സംന്തുലനം ഉറപ്പാക്കാനാണ് സര്‍ക്കാറിന്റെ ശ്രമം. വനവല്ക്കരണമാണിതിനൊരു വഴി.ഇതിന്റെ ഭാഗമായാണ് വൃക്ഷവല്‍ക്കരണം നടത്തുന്നത്.കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് രണ്ടര കോടി വൃക്ഷതൈകളാണ് വച്ച് പിടിപ്പിച്ചത്.ഇതില്‍ 70 ശതമാനവും ആരോഗ്യത്തോടെ വളരുന്നുണ്ട്. പരിപാലനം ഉറപ്പ് വരുത്തുന്നതിനാലാണിത്.
വിവിധ വകുപ്പുകളേയും സന്നദ്ധ സംഘടനകളേയും കോര്‍ത്തിണക്കിയാണ് വൃക്ഷ സമൃദ്ധി പദ്ധതി ഈ വര്‍ഷം നടപ്പിലാക്കുക. തദ്ദേശ വൃക്ഷത്തൈകളാണ് വിതരണം ചെയ്യുന്നത്. സ്വാഭാവിക വന ആവാസവ്യവസ്ഥ പുനസ്ഥാപനത്തിന്റെ ഭാഗമായി അധിനിവേശ സസ്യ നിര്‍മ്മാര്‍ജനം നടത്തേണ്ടതുണ്ട്. ഇക്കാരണത്താലാണ് ബഹുജന പങ്കാളിത്തത്തോടെ തദ്ദേശ വൃക്ഷത്തൈകള്‍ നടുന്നത്. ഇക്കുറി സംസ്ഥാനത്തെ നഴ്സറികളില്‍ ഉദ്പാദിപ്പിച്ച 43 ലക്ഷം വൃക്ഷത്തൈകളാണ് നടുക. അതിജീവനം ഉറപ്പാക്കുന്നതിനായി ഇവയെ മൂന്ന് മുതല്‍ അഞ്ചു വര്‍ഷം വരെ പരിപാലിക്കും. ഇതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും തൊഴിലുറപ്പ് പദ്ധതിയുടെയും സഹകരണം ഉറപ്പാക്കിയിട്ടുണ്ട്. 43 ലക്ഷം തൈകള്‍ മൂന്നു വര്‍ഷം പരിപാലിക്കുമ്പോള്‍ പ്രതിവര്‍ഷം എഴുപത്തിയൊന്നര ലക്ഷം തൊഴില്‍ ദിനങ്ങളാണ് അധികമായി സൃഷ്ടിക്കപ്പെടുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വൃക്ഷാവതര തോത് വര്‍ധിപ്പിക്ക വഴി കാര്‍ബണ്‍ ന്യൂട്രല്‍ സംസ്താനമാകുന്നതിനുള്ള കുതിപ്പിലാണ് കേരളം.ഇത്തരത്തില്‍ ഹരിതവാതക ബഹിര്‍ഗമനം കുറച്ചുകൊണ്ടു വരുന്നതിന് വനപ്രദേശത്തെ വിസ്തൃതമാക്കും.പ്രകൃതി സംരക്ഷണത്തിനായി പുതിയ പദ്ധതികള്‍ ആവിഷ്ക്കരിച്ചു നടപ്പാക്കും. ഭൂമിയും മണ്ണും ജലവും വായുവും മലിനമാകാതെയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്.ജലസ്രോതസുകള്‍ മലിനമാകാതെ സൂക്ഷിക്കുന്നതിനൊപ്പം ജല സാന്നിദ്ധ്യം ഉറപ്പാക്കുന്നതടക്കമുള്ള പരിസ്ഥിതി പുനസ്ഥാപന പ്രവര്‍ത്തനങ്ങള്‍ ആവിഷ്ക്കരിക്കും. പ്രകൃതിയെ ഇന്നത്തെ തലമുറയ്ക്ക് ലഭിച്ചതിലും മെച്ചപ്പെടുത്തി വരുംതലമുറയ്ക്ക് കൈമാറാന്‍ പരിസ്ഥിതി ദിനത്തെ ഒരോര്‍മ്മപ്പെടുത്തലായി കാണണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ചടങ്ങില്‍ എക്സൈസ്-തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി എം.വി.ഗോവിന്ദന് മാസ്റ്റര്‍ അധ്യക്ഷനായിരുന്നു.
മനുഷ്യവംശത്തിന്റെ അന്തകരായി മനുഷ്യര്‍തന്നെ മാറുന്ന അത്യന്തം സങ്കീര്‍ണമായ പാരിസ്ഥികാവസ്ഥയിലൂടെയാണ് ഭൂമി കടന്നു പോകുന്നതെന്നും ഇതിനെ ഓര്‍മ്മിപ്പിക്കുന്നതാണ് പരിസ്ഥിതി ദിനാചരണമെന്നും മന്ത്രി പറഞ്ഞു.
മിയാവാക്കി വനങ്ങള്‍ കൂടുതലായി വച്ചു പിടിപ്പിച്ച് കേരളത്തിന്റെ പ്രകൃതിക്ക് ഹരിതമേലാപ്പ് ഒരുക്കേണ്ടതിന് ഏവരും ശ്രമിക്കണമെന്ന് മന്ത്രി പറഞ്ഞു.വൃക്ഷ തൈകള്‍ കൂടുതലായി വച്ചു പിടിപ്പിക്കുകയും വനൃവന്യജീവി സംരക്ഷണത്തിനൊപ്പം മനുഷ്യന്റെയും പ്രകൃതിയുടെയും നിലനില്‍പ്പിനും ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിന് സാഹചര്യം അതിക്രമിച്ചിരിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
വനത്തിനൊപ്പം വന്യജീവി സംരക്ഷണത്തിനും മറ്റു സംസ്ഥാനങ്ങളെക്കാള്‍ പ്രാമുഖ്യം നല്കി പദ്ധതികള്‍ നടപ്പാക്കിയ സംസ്ഥാനമാണ് കേരളമെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ വനം-വന്യജീവി വകുപ്പു മന്ത്രി എ.കെ.ശശീന്ദ്രന് പറഞ്ഞു. ഇതു മനസിലാക്കാത്തവരാണ് കേരളത്തിന്റെ നയസമീപനങ്ങള്‍ നേരേ മുഖം തിരിച്ചു നില്‍ക്കുന്നത്. ഇത്തരക്കാരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കും. മലയോര മേഖലയിലെ ജനങ്ങളുടെ ആവശ്യങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി പറഞ്ഞു.
വൃക്ഷതൈകളുടെ അതിജീവനം ഉറപ്പാക്കിക്കൊണ്ട് കേരള സര്‍ക്കാര്‍ നടപ്പിലാക്കുന്ന വൃക്ഷവത്ക്കരണ പദ്ധതിയാണ് വൃക്ഷ സമൃദ്ധി .പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വനം വന്യജീവി വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി, പൊതുജന സമൂഹം എന്നിവയുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഒണ്‍ലി വണ്‍ എര്‍ത്ത്’ അഥവാ ‘ഒരേയൊരു ഭൂമി’ എന്നതാണ് ഈ വര്‍ഷത്തെ പരിസ്ഥിതി ദിന സന്ദേശം.
ഹരിത ഭംഗി വര്‍ദ്ധിപ്പിക്കുക, കേരളത്തെ പ്രകൃതി ദുരന്തങ്ങളില്‍ നിന്നും മോചിപ്പിക്കുക എന്നിവയാണ് ലക്ഷ്യം. ‘ വൃക്ഷങ്ങള്‍ വെച്ച് പിടിപ്പിച്ച് വനപ്രദേശങ്ങള്‍ വിസ്തൃതമാക്കാന്‍ ശ്രമിക്കുക എന്നതാണ് ഇത്തവണത്തെ പരിസ്ഥിതി ദിനാചരണത്തിന്റെ ലക്ഷ്യം. ദേശീയ വനനയം അനുശാസിക്കുന്ന മൊത്തം ഭൂവിസ്തൃതിയുടെ മൂന്നിലൊന്ന് വൃക്ഷാവരണം എന്ന ലക്ഷ്യത്തിലേക്ക് സംസ്ഥാനത്തെ എത്തിക്കാന്‍ പദ്ധതിക്ക് സാധിക്കും.
കൂടുതല്‍ കാര്‍ബണ്‍ സ്വാംശീകരണം നടത്തുന്നതിനായി സംസ്ഥാനത്തെ വനാവരണം വര്‍ദ്ധിപ്പിക്കല്‍, വനേതര പ്രദേശത്തെ വൃക്ഷവത്ക്കരണം, തദ്ദേശ സ്വയംഭര ണസ്ഥാപനങ്ങളെ വൃക്ഷതൈ ഉല്പാദിപ്പിക്കുന്ന നഴ്സറികള്‍ ഉണ്ടാക്കുന്നതിന് സ്വയം പര്യാപ്തമാക്കല്‍, നട്ടുപിടിപ്പിക്കുന്ന വൃക്ഷതൈകളുടെ അതിജീവനം ഉറപ്പാക്കല്‍, പ്രാദേശിക ജനവിഭാഗങ്ങളുടെ ജീവനോപാദികള്‍ മെച്ചപ്പെടുത്തല്‍, പാരിസ്ഥിതിക പ്രശ്നങ്ങള്‍ ലഘുകരിക്കുന്നതിന് ഹരിത മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കല്‍ എന്നിവയാണ് വൃക്ഷ സമൃദ്ധി പദ്ധതിയുടെ ലക്ഷ്യങ്ങള്‍ . സംസ്ഥാനത്താകെ 832, നഴ്സറികളിലായി ഇതുവരെ 43 ലക്ഷം വൃക്ഷ തൈകള്‍ ഉദ്പാദിപ്പിച്ചിട്ടുണ്ട്. തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ചാണ് വൃക്ഷവല്‍ക്കരണ പരിപാലന പ്രവര്‍ത്തനം നടത്തുക.
മുഖ്യ വനം മേധാവി ബെന്നിച്ചന് തോമസ് വൃക്ഷ സമൃദ്ധി പദ്ധതി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ഡോ. വി ശിവദാസന്‍ എം പി, എംഎല്‍എമാരായ രാമചന്ദ്രന് കടന്നപ്പള്ളി, കെ പി മോഹനന് , എ എന്‍ ഷംസീര്‍, കെ വി സുമേഷ്, സജീവ് ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, മുഖ്യമന്ത്രിയുടെ സെക്രട്ടറി കെ കെ രാഗേഷ് , തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി പി അനിത, പിണറായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ കെ രാജീവന്, പിണറായി പഞ്ചായത്ത് അംഗം എ ദീപ്തി,പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് നോയല്‍ തോമസ്, സോഷ്യല്‍ ഫോറസ്ട്രി അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ഇ പ്രദീപ് കുമാര്‍ കണ്ണൂര്‍ ഉത്തരമേഖല ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡി കെ വിനോദ് കുമാര്‍, കോഴിക്കോട് ഇന്സ്പെക്ഷന് ആന്റ് ഇവാലുവേഷന്‍ കണ്‍സെര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ജെ ദേവപ്രസാദ്, കൊല്ലം സോഷ്യല്‍ ഫോറസ്ട്രി കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് എന്‍ ടി സാജന്, എറണാകുളം സോഷ്യല്‍ ഫോറസ്ട്രി കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ഇന്ദു വിജയന്, കോഴിക്കോട് സോഷ്യല്‍ ഫോറസ്ട്രി കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ആര് കീര്‍ത്തി,എംജിഎന്‍ആര്‍ഇജി ജോയിന്റ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാരായ പി ബാലചന്ദ്രന് നായര്‍, ടൈനി സൂസന് ജോണ്‍ എന്നിവര്‍ പങ്കെടുത്തു.
