കോഴിക്കോട് ബാലുശേരിയിലെ ആൾക്കൂട്ട മർദ്ദനത്തിൽ അഞ്ച് പേർ പൊലീസ് കസ്റ്റഡിയിൽ. തിരുവോട് സ്വദേശികളായ മുഹമ്മദ്സാലി, മുഹമ്മദ് ഇജാസ് തുടങ്ങിയവരെയാണ് ബാലുശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തത്. 29 പേർക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്. കസ്റ്റഡിയിൽ എടുത്തവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ബുധനാഴ്ച രാത്രിയാണ് ഡി.വൈ.എഫ്.ഐ യൂണിറ്റ് സെക്രട്ടറി ജിഷ്ണുരാജിന് മർദ്ദനമേറ്റത്. മറ്റുള്ളവർക്കായി അന്വേഷണം ഊർജിതമാക്കിയെന്ന് പൊലീസ് അറിയിച്ചു.
എസ്.ഡി.പി.ഐയുടെ പോസ്റ്റർ നശിപ്പിച്ചെന്ന പേരിലാണ് ബാലുശ്ശേരിയിൽ കഴിഞ്ഞ ദിവസം ഡി.വൈ.എഫ്.ഐ പ്രവർത്തകനായ യുവാവിനെ ആൾക്കൂട്ടം ക്രൂരമായി മർദിച്ചത്. സംഭവത്തിൽ 29 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്. രാഷ്ടീയ വിരോധമാണ് ജിഷ്ണുവിന് നേരെയുണ്ടായ ആക്രമണത്തിന് കാരണമെന്നാണ് പൊലീസിന്റെ എഫ്.ഐ.ആറിൽ പറയുന്നത്. ജിഷ്ണുവിനെ ജാതിപ്പേര് പറഞ്ഞ് അധിക്ഷേപിച്ചുവെന്നും വെള്ളത്തിൽ മുക്കികൊല്ലാൻ ശ്രമിച്ചുവെന്നും എഫ്.ഐ.ആറിലുണ്ട്.
30 പേര് വരുന്ന സംഘം വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നുവെന്ന് ബാലുശേരിയില്‍ ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായ ഡി.വൈ.എഫ്.ഐ പ്രവര്ത്തകന് ജിഷ്ണു വെളിപ്പെടുത്തിയിരുന്നു. പോസ്റ്റര്‍ കീറുന്ന ആളാണെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനമുണ്ടായതെന്നും സംഘത്തിലെ പലരും പ്രദേശവാസികളാണെന്നും ജിഷ്ണു പറഞ്ഞു. ലീഗ് – എസ്.ഡി.പി.ഐ സംഘമാണ് ആക്രമിച്ചത്. എസ്.ഡി.പി.ഐയുടെ ഫ്ളക്സ് ബോര്‍ഡ് കീറിയെന്നാരോപിച്ചായിരുന്നു ആക്രമണമെന്നും ജിഷ്ണു പറഞ്ഞു.
