പ്രവാസിമലയാളി ഏഴുമാസത്തിനിടെ വാങ്ങിനല്‍കിയത് 600 പശുക്കളെ. കടയ്ക്കല്‍ മുള്ളിക്കാട് പവിത്രത്തില്‍ വിജയനാണ് മൂന്നുകോടിയോളം രൂപ ചെലവഴിച്ച് പശുക്കളെ വാങ്ങിനല്‍കി നന്മയുടെ പ്രതീകമായത്.
ഷാർജയിൽ നിർമാണമേഖലയിൽ മൂന്ന് സ്ഥാപനങ്ങൾ നടത്തുന്നുണ്ട് .എൻജിനീയറായ വിജയൻ വർഷങ്ങളായി നിര്‍ധനരായ വിദ്യാർഥികൾക്ക് പഠനസഹായവും അർബുദബാധിതർക്ക് ചികിത്സാസഹായവും നല്‍കുന്നുണ്ട് .. ഇടയ്ക്ക് നാട്ടിലെത്തുമ്പോൾ തൊഴിലില്ലാത്തതുമൂലം ജീവിതം പ്രതിസന്ധിയിലായ പാവങ്ങളുടെ പ്രശ്നങ്ങൾ അദ്ദേഹത്തിന്റെ ശ്രദ്ധയിപെട്ടിരുന്നു.. ഇതിന് എന്താണ് പരിഹാരമെന്ന ആലോചനയിലായിരുന്നു എസ്.എന്‍.ഡി.പി.യോഗം ചിറവൂര്‍ ശാഖാ ഭാരവാഹികൂടിയായ അദ്ദേഹം.
പശുവളര്‍ത്തലിലൂടെ കൂടുതല്‍ തൊഴിലവസരങ്ങളുണ്ടാക്കാമെന്ന് മനസ്സിലാക്കിയ വിജയന് ശാഖയുമായി ബന്ധപ്പെട്ട് നിര്‍ധന കുടുംബങ്ങളെ കണ്ടെത്തി. ആദ്യഘട്ടത്തില്‍ 400 പേര്‍ക്ക് പശുക്കളെ വാങ്ങിനല്‍കാനായിരുന്നു തീരുമാനം. ഇത്രയും പശുക്കളെ കണ്ടെത്താന്‍ ശാഖാ സെക്രട്ടറിയായ രാജീവും മറ്റുള്ളവരും കൃഷ്ണഗിരിയിലും കര്‍ണാടകത്തിന്റെ വിവിധ ഭാഗങ്ങളിലും പലവട്ടം പോയി. ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കിയാണ് പശുക്കളെ എല്ലാവര്ക്കും വിതരണംചെയ്തത്.
പശുക്കളെ അഞ്ചുവര്‍ഷത്തേക്ക് വില്ക്കാന് പാടില്ലെന്നും ഒരു പശുക്കിടാവിനെ തിരികെനല്‍കണമെന്നും നിബന്ധനയുണ്ടാക്കി. പശുക്കളെ വില്‍ക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ രാജീവിന്റെ നേതൃത്വത്തില്‍ പരിശോധനയും നടത്തുന്നുണ്ട്. തിരികെലഭിക്കുന്ന കിടാവിനെ വീണ്ടും പാവങ്ങള്‍ക്ക് നല്‍കാനാണ് ഉദ്ദേശിക്കുന്നത്. ചിതറ, കടയ്ക്കല്‍, ഇട്ടിവ, കുമ്മിള്‍ പഞ്ചായത്തുകളിലുള്ളവര്‍ക്കാണ് പശുക്കളെ ലഭിച്ചത്.
ഷാര്‍ജയിലുള്ള മൂന്ന് കമ്പനികളില്‍നിന്ന് ലഭിക്കുന്ന വരുമാനമാണ് പശുക്കളെ വാങ്ങിനല്‍കാന്‍ ചെലവഴിച്ചത്. സാമ്പത്തിക പ്രതിസന്ധിമൂലം പശുക്കളെ വില്‍ക്കേണ്ടിവന്ന ക്ഷീരകര്‍ഷകനായ നെല്ലിക്കുന്നുംപുറത്തെ വാഹിദും ഭാര്യ ലൈലയും പശുക്കിടാവിനെ ലഭിച്ചത് വലിയ അനുഗ്രഹമായെന്ന് പറഞ്ഞു. പശുക്കള്‍ക്ക് യഥാസമയം ചികിത്സ ഉറപ്പാക്കാന്‍ മൊബൈല്‍ വെറ്ററിനറി ക്ലിനിക് ഏര്‍പ്പെടുത്താന്‍ വിജയന് ആലോചിക്കുന്നുണ്ട്. വന്ധ്യതാചികിത്സയ്ക്കും സൗകര്യമൊരുക്കും.
പരേതയായ ശൈലയാണ് വിജയന്റെ ഭാര്യ. അമേരിക്കയില്‍ ഡോക്ടര്‍മാരായ അരുണും ആദര്‍ശുമാണ് അച്ഛന്റെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയേകുന്നത്.
