ഐ.ആര്.സി.ടി.സി. വെബ്സൈറ്റ് വഴിയും ആപ്പ് വഴിയും ബുക്ക് ചെയ്യാവുന്ന ടിക്കറ്റുകളുടെ എണ്ണം വര്‍ധിപ്പിച്ച് റെയില്‍വേ. ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള ഐഡി ഉപയോഗിച്ച് ഇനിമുതല്‍ ഒരുമാസം 24 ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.
നിലവില്‍ ആധാറുമായി ബന്ധിപ്പിച്ച അക്കൗണ്ട് വഴി 12 ടിക്കറ്റായിരുന്നു ബുക്ക് ചെയ്യാന്‍ സാധിച്ചിരുന്നത്. ആധാര്‍ ലിങ്ക് ചെയ്യാത്തവര്‍ക്ക് മാസം ആറ് ടിക്കറ്റുകളാണ് നിലവില്‍ ബുക്ക് ചെയ്യാന്‍ സാധിച്ചിരുന്നത്. ഇത് 12 ആയി വര്‍ധിപ്പിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് പ്രോത്സാഹിപ്പിക്കാനും അനധികൃത ടിക്കറ്റ് ബുക്കിങ് കേന്ദ്രങ്ങളുടെ ചൂഷണം തടയാനുമാണ് പുതിയ നടപടി. സ്ഥിരം യാത്രക്കാര്‍ക്കും ഓരേ അക്കൗണ്ട് ഉപയോഗിച്ച് ബന്ധുക്കള്‍ക്ക് അടക്കം ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നവര്‍ക്കും നടപടി സഹായകരമാകുമെന്ന് റെയില്‍വേ വ്യക്തമാക്കി.
ഐആർസിടിസി ആപ്പും വെബ്സൈറ്റും മുഖേന ബുക്ക് ചെയ്യാവുന്ന ടിക്കറ്റുകളുടെ എണ്ണം കൂട്ടണമെന്ന യാത്രക്കാരുടെ ദീർഘനാളത്തെ ആവശ്യമാണ് ഇപ്പോൾ പരിഗണിക്കപ്പെട്ടിരിക്കുന്നത്. എന്നാൽ സ്വകാര്യ ഏജൻസികൾ ഇത് ഒരു അവസരമാക്കി വൻതോതിൽ ടിക്കറ്റ് ബുക്ക് ചെയ്യുമോ എന്ന ആശങ്കക്കും ഇത് വഴിവയ്ക്കുന്നുണ്ട്.
