കിളിമാനൂർ : ഓട്ടോറിക്ഷയിൽ രാത്രി കാലങ്ങളിൽ കറങ്ങി നടന്ന് പാർക്ക് ചെയ്തിരിക്കുന്ന ലോറികളിൽ നിന്നും ബാറ്ററികൾ മോഷണം ചെയ്യുന്ന സംഘത്തിലെ 2 പേർ പിടിയിൽ. വെട്ടൂർ വില്ലേജിൽ വിളഭാഗം രോഹിണിയിൽ ഷിനു മോഹൻ (33),വെട്ടൂർ വില്ലേജിൽ കട്ടത്തിവിള പുന്നവിള വീട്ടിൽ ഇക്ബാൽ (57) എന്നിവരെയാണ് കിളിമാനൂർ പോലീസ് പിടികൂടിയത്.
കിളിമാനൂർ സ്റ്റേഷനിൽ പ്രതികൾക്കെതിരെ വേറെയും മൂന്ന് കേസുകളുണ്ടെന്ന് പോലീസ് അറിയിച്ചു.കൂടുതൽ സ്ഥലങ്ങളിൽ മോഷണങ്ങൾ നടത്തിയിട്ടുണ്ടോ എന്നും കൂടുതൽ പ്രതികൾ ഉണ്ടോ എന്നും അന്വേഷണം നടന്ന് വരികയാണ്. തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ദിവ്യ ഗോപിനാഥ് ഐ പി എസിന്റെ നിർദേശപ്രകാരം പ്രത്യേക അന്വേഷണം സംഘം നൂറോളം സി.സി.ടി.വി ക്യാമറകൾ പരിശോധിച്ചതിൽ നിന്നും മോഷണം നടത്താൻ ഉപയോഗിച്ച ഓട്ടോറിക്ഷ തിരിച്ചറിത്തതിൽ നിന്നുമാണ് പ്രതികളെ കുറിച്ചുള്ള സൂചന ലഭിച്ചത്.
ആറ്റിങ്ങൽ ഡി.വൈ.എസ്.പി സുനീഷ് ബാബുവിൻ്റെ നേതൃത്വത്തിൽ കിളിമാനൂർ ഐ.എസ്.എച്ച്.ഒ എസ് സനൂജ്, എസ്.ഐ വിജിത് കെ നായർ, എ.എസ്.ഐ ഷജി, എസ്.സി.പി.ഒ ബിനു, സി.പി.ഒ മഹേഷ്, കിരൺ, ശ്രീരാജ് എന്നിവർ അടങ്ങുന്ന സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജറാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
