സി.പി.എം ബ്രാഞ്ച് ഓഫീസ് തകര്‍ത്ത സംഭവത്തില്‍ രണ്ട് ഡി.വൈ.എഫ്.ഐ നേതാക്കളെ സി.പി.എം ലോക്കല്‍ കമ്മിറ്റിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു. ഡി.വൈ.എഫ്.ഐ. പാളയം ബ്ലോക്ക് കമ്മിറ്റി ഉപഭാരവാഹികളും സി.പി.എം. വട്ടിയൂര്‍ക്കാവ് ലോക്കല്‍ കമ്മിറ്റി അംഗങ്ങളുമായ ജി.എസ്.രാജീവ്, ബി.നിയാസ് എന്നിവരെയാണ് അന്വേഷണവിധേയമായി ആറുമാസത്തേക്ക് സസ്പെന്‍ഡു ചെയ്തത്.
ചൊവ്വാഴ്ച രാവിലെ അടിയന്തരമായി വിളിച്ചുചേര്‍ത്ത പ്രത്യേക ലോക്കല്‍ കമ്മിറ്റി യോഗമാണ് നടപടി തീരുമാനിച്ചത്. ഏരിയാ സെന്റര്‍ അംഗത്തിന്റെ നേതൃത്വത്തില്‍ മൂന്നംഗ അന്വേഷണ കമ്മിഷനെയും യോഗം തീരുമാനിച്ചു. ഈ കമ്മിഷന് നല്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും തുടര്‍നടപടികള്‍. സസ്പെന്ഷന് നടപടി നേരിട്ട ജി.എസ്.രാജീവ് ഡി.വൈ.എഫ്.ഐ. വട്ടിയൂര്‍ക്കാവ് മേഖലാ സെക്രട്ടറികൂടിയാണ്.
ഞായറാഴ്ച രാത്രി ഏഴരയോടെയാണ് സി.പി.എം മേലത്തുമേലെ ബ്രാഞ്ച് ഓഫീസിനു നേരേ ആക്രമണമുണ്ടായതും രണ്ട് പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റതും. സാമൂഹികമാധ്യമത്തിലെ പോസ്റ്റിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് ആക്രമണത്തിലേക്കെത്തിയത്.
