തിരുവനന്തപുരം/കഴക്കൂട്ടം : കഴക്കൂട്ടം ആറ്റിപ്രയിൽ യുഡിഎഫ് സംഘടിപ്പിച്ച പരിപാടിക്കിടെ മുസ്ലിംലീഗ് കൊടി പാകിസ്ഥാനിൽ കൊണ്ടുപോയി കെട്ടണമെന്ന് കോൺഗ്രസ് നേതാവ് ആക്രോശിച്ചെന്ന് പരാതി പറഞ്ഞ വെമ്പായം നസീർ പാര്‍ട്ടി അംഗമല്ലെന്ന് മുസ്ലിം ലീഗ് അറിയിച്ചു. മുസ്ലീം ലീഗ് പതാകയെ ആരും അപമാനിച്ചിട്ടില്ലെന്നും ജില്ലാ നേതൃത്വം വ്യക്തമാക്കി.
കഴക്കൂട്ടം ആറ്റിപ്രയിൽ നടന്നത് കോൺഗ്രസ് ധർണയായിരുന്നു.വെമ്പായം നസീർ മുസ്ലിം ലീഗിന്റെ ഒരു ഘടകത്തിന്റെയും ഭാരവാഹിയല്ല. അദ്ദേഹത്തെ ആ ധർണയിൽ പങ്കെടുക്കാൻ പാർട്ടി ചുമതലപെടുത്തിയിട്ടില്ലായിരുന്നില്ലെന്നും മുസ്ലിം ലീഗ് നേതൃത്വം അറിയിച്ചു. മുസ്ലിം ലീഗ് പതാക അവഹേളിച്ചു എന്ന പ്രസ്താവന അവാസ്തവമാണെന്നു മുസ്ലീം ലീഗ് കമ്മിറ്റിയുടെ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ടെന്നും ജില്ലാ ലീഗ് നേതൃത്വം വ്യക്തമാക്കി.
ഇതു സംബന്ധിച്ച് ഇന്ന് കൂടിയ ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റി യോഗത്തിൽ പ്രസിഡന്റ് പ്രൊഫ. തോന്നയ്ക്കൽ ജമാൽ അധ്യക്ഷത വഹിച്ചു, ജനറൽ സെക്രട്ടറി കണിയാപുരം ഹലീം സ്വാഗതം പറഞ്ഞു. നേതാക്കളായ ബീമാപള്ളി റഷീദ്, അഡ്വ. എസ്.എൻ. പുരം നിസാർ, ചാന്നാങ്കര എം.പി.കുഞ്ഞു, എം.എ. കരീം, അഡ്വ. പാച്ചല്ലൂർ നുജൂമുദ്ധീൻ, അബ്ദുൽ ഹാദി അല്ലാമാ, വിഴിഞ്ഞം റസാഖ്, എം.കെ.സലീം, എം.എ.റഷീദ്, മാണികവിളാകം റാഫി എന്നിവർ സംബന്ധിച്ചു.
