ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലെ 1198-ാംആണ്ട് പുറപ്പെടാ മേൽശാന്തിയായി ചെങ്ങന്നൂർ വെണ്മണി പടിഞ്ഞാറ്റിടത്തില്ലം *ബ്രഹ്മശ്രീ കെ ശംഭു നമ്പൂതിരി നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ടു. ഇപ്പോൾ കൊയ്പ്പള്ളി കാരാഴ്മ ദേവീക്ഷേത്ര മേൽശാന്തിയാണ്.ഇന്ന് ഉച്ചപൂജക്ക് ശേഷം 12:30 ന് ക്ഷേത്രനടയിൽ വെച്ചായിരുന്നു നറുക്കെടുപ്പ്. ചെട്ടികുളങ്ങര ഈരെഴ തെക്ക് മൂഴിവട്ടത്ത് വീട്ടിൽ ശ്രീരാജ് – ലക്ഷ്മി ദമ്പതികളുടെ നാല് വയസ്സുള്ള മകൾ ദേവശ്രീ നറുക്കെടുത്തത്. നിയുക്ത മേല്‍ശാന്തിയുടെ അവരോധന ചടങ്ങ് ചിങ്ങപ്പുലരി ദിനമായ ആഗസ്റ്റ് 17ന് നടക്കും. തുടർന്ന് ക്ഷേത്രത്തിൽ ഭജനം പാർക്കുന്ന പുറപ്പെടാ മേല്‍ശാന്തി സെപ്റ്റംബർ ഒന്നു മുതൽ ഒരു വർഷം ചെട്ടികുളങ്ങര ഭഗവതിക്കു പൂജകൾ ചെയ്യും. തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ശബരിമലയിലും ചെട്ടികുളങ്ങരയിലും മാത്രമാണ് പുറപ്പെടാമേൽശാന്തിമാരുള്ളത്.
ശാർങ്ങക്കാവ് പടിഞ്ഞാറ്റിടത്ത് പരേതരായ നാരായണ കൃഷ്ണരുടെയും ശ്രീദേവി അന്തർജ്ജനത്തിന്റെയും 7 മക്കളിൽ നാലാമനാണ് ശംഭു നമ്പൂതിരി. 2004ൽ പറവൂർ ഗ്രൂപ്പിലെ കാലടി കാരവത്വം കാവ് മഹാവിഷ്ണു ക്ഷേത്രത്തിൽ പൂജ ചെയ്തു കൊണ്ടാണ് ശംഭു നമ്പൂതിരിയുടെ തുടക്കം. മുത്തച്ഛൻ നാരായണൻ പിതാവ് നാരായണn കൃഷ്ണന് എന്നിവർ പതിറ്റാണ്ടുകൾക്ക് മുമ്പ് ക്ഷേത്രത്തിലെ മേൽശാന്തി മാരായിരുന്നു. പിതാവ് നാരായണ കൃഷ്ണര് ജീവിത എഴുന്നള്ളത്ത് നടത്തിയിട്ട് ഉണ്ട്. ജീവിത എഴുന്നള്ളത്തിലെ,ചിട്ട ഒരുക്കുന്നതിലും പഠിപ്പിക്കുന്നതിലും അദ്ദേഹം പങ്കു വഹിച്ചിട്ടുണ്ട്. പൂർവികരുടെ പിൻഗാമിയായി ചിറ്റുകുളങ്ങര ഭഗവതിയെ പൂജിക്കുവാൻ അവസരം ലഭിച്ചത് ജീവിത സുകൃതമാണെന്ന് ശംഭു നമ്പൂതിരി പറഞ്ഞു. ചെറുകോൽ ചെറുതല മടത്തിലെ ശ്രീലേഖയാണ് ഭാര്യ. മക്കൾ ശരത്ത്. അഞ്ജിത.
ക്ഷേത്രം തന്ത്രി പ്ലാക്കുടി ഇല്ലത്ത് ഉണ്ണികൃഷ്ണന് നമ്പൂതിരി, ദേവസ്വം കമ്മീഷണർ ബി എസ് പ്രകാശ്, ദേവസ്വം വിജിലൻസ് ഓഫീസർ പി എൻ ഗണേശ്വരൻ പോറ്റി, ദേവസ്വം ഡപ്യൂട്ടി കമ്മീഷണർ കെ.ജയകുമാർ, മാവേലിക്കര അസി.കമ്മീഷണർ പി ദീലിപ് കുമാർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ പി ജയറാം പരമേശ്വരൻ , ക്ഷേത്ര ഭരണ സമിതിയായ ശ്രീദേവി വിലാസം ഹിന്ദുമത കണ്വന്ഷന് പ്രസിഡന്റ് എം.കെ. രാജീവ്, സെക്രട്ടറി മനോജ്കുമാർ.എം, വൈസ് പ്രസിഡന്റ് രജികുമാർ പി.കെ, ജോയിന്റ് സെക്രട്ടറി രാധാകൃഷ്ണ പണിക്കർ, ട്രേഷറർ രാജേഷ് പി, എക്സിക്യൂട്ടീവ് അംഗങ്ങൾ, മെമ്പർമാർ, കരനാഥമാർ എന്നിവര്‍ നേതൃത്വം നല്കി.
