തമിഴ്നാട് ട്രാൻസ്പോർട്ട് ബസ്സുകൾ നെയ്യാറ്റിൻകരയിൽ ഭീതി പടർത്തി പായുന്നു. കഴിഞ്ഞ ഒരു മാസ്സത്തിനിടെ നാലപകടങ്ങളാണ് തമിഴ്നാട് ട്രാൻസ്പോർട്ട് ബസ് സൃഷ്ടിച്ചത്, അതിൽ ഒരു മരണവും. തിങ്കളാഴ്ച്ച ആലുംമൂട് കവലയിൽ അലക്ഷ്യമായി ഓവർടേക്ക് ചെയ്യവെ തമിഴ്നാട് ബസ് നെയ്യാറ്റിൻകര സ്വദേശിയായ പ്രവീണിൻ്റെ അക്ടീവ സ്കൂട്ടറുമായി കൂട്ടിമുട്ടുകയും നാട്ടുകാർ ബസ് തടഞ്ഞ് ട്രാഫിക് പോലീസിൽ വിവരമറിയിക്കുകയും ചെയ്തു. ഇതേ ബസ് പള്ളിച്ചലിൽ ഒരു ഇരുചക്രവാഹനവുമായും തട്ടിയിരുന്നു. ബസിൻ്റെ ജീവനക്കാരെ ഇന്നലെ നെയ്യാറ്റിൻകര ട്രാഫിക് സ്റ്റേഷനിൽ വിളിച്ചുവരുത്തി താക്കീത് നൽകി വിട്ടു. കഴിഞ്ഞ മാസ്സമാണ് പ്രഭാതസവാരിക്കിറങ്ങിയ മധ്യവയസ്ക്കൻ തമിഴ്നാട് ബസ്സിടിച്ച് മരിച്ചത്. ഒരാഴ്ച്ച മുൻപ് നഴ്സിംഗ് വിദ്യാർത്ഥിനി ഓടിച്ചിരുന്ന ഇരുചക്രവാഹനം തമിഴ്നാട് ബസുമായി അപകടത്തിൽ പെട്ട് വിദ്യാർത്ഥിനിയുടെ ഇരുകാലിലൂടെയും ബസിൻ്റെ ടയർ കയറിയിറങ്ങി. ഈ മാസ്സമാദ്യം ഗ്രാമം ഭാഗത്ത് തമിഴ്നാട് ബസ് ഐഎസ്ആർഒ ബസുമായി കൂട്ടിയിടിച്ച് പ്രധാനറോഡിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടിരുന്നു. തിരുവനന്തപുരം അന്താരാഷ്ട്ര എയർപോർട്ട് ലക്ഷ്യമാക്കി പായുന്ന തമിഴ്നാട് സ്വകാര്യ വാഹനങ്ങളുടെ സ്ഥിതിയും മറിച്ചല്ല. ട്രാഫിക്ക് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാൻ തമിഴ്നാട് വാഹനങ്ങൾക്ക് അധികൃതർ കർശ്ശന നിർദ്ദേശം നൽകണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
