കുലശേഖരത്ത് തുറന്നു കിടന്ന വീട്ടിൽ നിന്ന് സ്വർണവും പണവും കവർന്ന മൂന്നംഗ സംഘത്തെ മണിക്കൂറുകൾക്കുള്ളിൽ വട്ടിയൂർക്കാവ് പോലീസ് പിടികൂടി. കുലശേഖരം ലക്ഷംവീട് കോളനി സ്വദേശികളായ കൊച്ചുചന്ദ്രൻ , ബിജു , സതീഷ് എന്നിവരാണ് പിടിയിലായത്. മൂന്നുദിവസത്തിന് മുമ്പായിരുന്നു കേസിനാസ്പദമായ സംഭവം. കുലശേഖരം സ്വദേശി ബൈജു റഹ്മാന്റെ വീട്ടിൽ നിന്ന് വളകളും നെക്ളേസും ഉൾപ്പെടെ 6 ലക്ഷം രൂപ വില വരുന്ന സ്വർണാഭരണങ്ങളും 12,000 രൂപയുമാണ് പ്രതികൾ കവർന്നത്. സ്കൂൾ ബസ്സിൽ വന്നിറങ്ങിയ മകളെ വിളിക്കുന്നതിന് ഗൃഹനാഥൻ വീട് തുറന്നു പുറത്തേക്ക് ഇറങ്ങിയ തക്കം നോക്കിയാണ് പ്രതികൾ അകത്തു കടന്നു മോഷണം നടത്തിയത്. സംഭവം നടക്കുമ്പോൾ വീട്ടുകാർ സ്ഥലത്ത് ഉണ്ടായിരുന്നില്ല. പരാതിയുടെ അടിസ്ഥാനത്തിൽ വട്ടിയൂർക്കാവ് സി.ഐ സുരേഷ് കുമാർ, എസ്.ഐമാരായ ജയപ്രകാശ്, ഫ്രാങ്ക്സോ, സി.പി.ഒ ഷൈജു എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
