തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ആർ.എസ്.എസ്സിന്റെ നോട്ടീസ്. സജി ചെറിയാന്റെ ഭരണഘടനാവിരുദ്ധ പരാമർശം ഗോൾവാൾക്കറുടെ പുസ്തകത്തിലേതെന്ന സതീശന്റെ പ്രസ്താവനയ്ക്കെതിരേ നിയമനടപടിയിലേക്ക് കടക്കുമെന്ന് അറിയിച്ചുകൊണ്ടുള്ള നോട്ടീസാണ് അയച്ചിരിക്കുന്നത്.
സജി ചെറിയാൻ പറഞ്ഞ വാചകങ്ങൾ ഗോൾവാൾക്കറുടെ ബഞ്ച് ഓഫ് തോട്ട്സ് എന്ന പുസ്തകത്തിൽ എവിടെ ആണെന്ന് സതീശൻ വ്യക്തമാക്കണം, അത് വ്യക്തമാക്കാൻ സാധിക്കുന്നില്ലെങ്കിൽ സതീശൻ പ്രസ്താവന പിൻവലിച്ച് മറ്റൊരു പ്രസ്താവന നടത്തണം തുടങ്ങിയ ആവശ്യങ്ങൾ നോട്ടീസിൽ ആർ.എസ്.എസ്. ആവശ്യപ്പെടുന്നുണ്ട്. ഈ രണ്ടുകാര്യങ്ങളും നോട്ടീസ് ലഭിച്ച് 24 മണിക്കൂറിനകം നടപ്പാകാത്തപക്ഷം നിയമനടപടികൾ കൈക്കൊള്ളുമെന്നും നോട്ടീസിൽ പറയുന്നു. മേലിൽ ഇത്തരം പ്രസ്താവനകൾ ആവർത്തിക്കരുതെന്നും നോട്ടീസ്ആവശ്യപ്പെടുന്നുണ്ട്. ആർ.എസ്.എസ്. പ്രാന്ത സംഘചാലക് കെ.കെ. ബലറാമാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
അതേസമയം, ആർ.എസ്.എസിന്റെ നോട്ടീസിനെ നിയമപരമായി നേരിടാൻ തയ്യാറാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രതികരിച്ചു. ആർ.എസ്.എസിന്റെ നോട്ടീസ് അവജ്ഞയോടെ തള്ളുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബഞ്ച് ഓഫ് തോട്ട്സിൽ പറഞ്ഞിരിക്കുന്ന കാര്യവും സജി ചെറിയാൻ പറഞ്ഞിരിക്കുന്ന കാര്യവും ഒന്നുതന്നെയാണെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് കോൺഗ്രസ് ചിന്തൻ ശിബിറിലെ പീഡനാരോപണ വിവാദത്തെ കുറിച്ചും സതീശൻ പ്രതികരിച്ചു. പരാതി ഒതുക്കിത്തീർക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന പരാതി താൻ കൊടുത്തതല്ലെന്ന് പരാതിക്കാരി തന്നെ പറഞ്ഞിട്ടുണ്ട്. പെൺകുട്ടിക്ക് പരാതിയുണ്ടെന്ന് പറഞ്ഞാൽ, അപ്പോൾത്തന്നെ അത് പോലീസിന് കൈമാറുമെന്നും സതീശൻ കൂട്ടിച്ചേർത്തു.
