പരാതിക്കാരി ധരിച്ചത് ലൈംഗികമായി പ്രകോപിപ്പിക്കുന്ന വസ്ത്രങ്ങൾ ; സിവിക് ചന്ദ്രനെതിരെയുള്ള ലൈംഗികപീഡന പരാതി നിലനിൽക്കില്ലെന്ന് കോടതി

പരാതിക്കാരി ധരിച്ചത് ലൈംഗികമായി പ്രകോപിപ്പിക്കുന്ന വസ്ത്രങ്ങൾ ; സിവിക് ചന്ദ്രനെതിരെയുള്ള ലൈംഗികപീഡന പരാതി നിലനിൽക്കില്ലെന്ന് കോടതി

ലൈംഗികാതിക്രമക്കേസിൽ എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ സിവിക് ചന്ദ്രനെതിരെ പരാതി നൽകിയ യുവതിയുടേത് പ്രകോപനമുണ്ടാക്കുന്ന വസ്ത്രധാരണമെന്ന് കോടതി. കോഴിക്കോട് ജില്ലാ സെഷൻസ് കോടതി ജ‍ഡ്ജി എസ്.കൃഷ്ണകുമാറാണ് വിവാദ ഉത്തരവ് പുറപ്പെടുവിച്ചത്. കൊയിലാണ്ടി പൊലീസ് രജിസ്റ്റർ ചെയ്ത രണ്ടാമത്തെ ലൈംഗിക പീഡന കേസിൽ സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ച് കൊണ്ട് പുറപ്പെടുവിച്ച ഉത്തരവിലാണ് ഈ പരാമർശമുള്ളത്.

പരാതിക്കാരി പ്രകോപനപരമായ വസ്ത്രം ധരിച്ചതിനാൽ 354 എ വകുപ്പ് നിലനില്‍ക്കില്ലെന്നാണ് കോടതിയുടെ കണ്ടെത്തല്‍. പ്രതിഭാഗം കോടതിയില്‍ ഹാജരാക്കിയ ഫോട്ടോയില്‍ യുവതിയുടെ വസ്ത്രധാരണം വ്യക്തമാണെന്നും കോടതി മുൻകൂ‍ർ ജാമ്യം അനുവദിച്ച് കൊണ്ടുള്ള ഉത്തരവിൽ കോടതി നിരീക്ഷിക്കുന്നുണ്ട്.
“ജാമ്യാപേക്ഷയോടൊപ്പം കുറ്റാരോപിതൻ സമർപ്പിച്ച ചിത്രങ്ങളിൽ നിന്ന് വ്യക്തമാവുന്നത് പരാതിക്കാരി ലൈംഗികമായി പ്രകോപിപ്പിക്കുന്ന വസ്ത്രങ്ങൾ ധരിച്ചിരുന്നു എന്നാണ്. അതുകൊണ്ട് തന്നെ ഇന്ത്യൻ ശിക്ഷാനിയമം 354എ പ്രകാരമുള്ള കുറ്റകൃത്യം പ്രഥമ ദൃഷ്ട്യാ നിലനിൽക്കില്ല.”- വിധിന്യായത്തിൽ കോടതി പറയുന്നു.

74കാരനായ, ശാരീരികമായി ദുർബലനായ പരാതിക്കാരൻ പരാതിക്കാരിയെ നിർബന്ധപൂർവം മടിയിൽ കിടത്തി ലൈംഗികാതിക്രമം നടത്തിയെന്നത് അവിശ്വസനീയമാണെന്നും കോടതി പറഞ്ഞു. 2020 ഫെബ്രുവരി എട്ടിന് നന്തി കടപ്പുറത്തെ ആളൊഴിഞ്ഞ സ്ഥലത്ത് ലൈംഗികാതിക്രമം നടത്തിയെന്ന യുവതിയുടെ പരാതിയിലാണ് സിവിക്കിനെതിരായ രണ്ടാമത്തെ കേസ്. യുവകവയിത്രിയുടെ പരാതിയിലായിരുന്നു ആദ്യകേസ്. 2021ഏപ്രിലില്‍ പുസ്തക പ്രകാശനത്തിന് കൊയിലാണ്ടിക്ക് സമീപം നന്തിയില്‍ ഒത്തുകൂടിയപ്പോഴാണ് സംഭവമെന്നായിരുന്നു പരാതി. രണ്ടുകേസുകളും കൊയിലാണ്ടി പൊലീസ് സ്റ്റേഷനിലാണ് രജിസ്റ്റർ ചെയ്തത്. രണ്ട് കേസിലും സിവിക്കിന് മുൻകൂർ ജാമ്യം ലഭിച്ചിരുന്നു.

ആദ്യ കേസിൽ പ്രതിക്കെതിരെ മതിയായ തെളിവുകള്‍ ഇല്ലെന്ന് വിലയിരുത്തിയാണ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. മുന്‍കൂര്‍ ജാമ്യത്തിനെതിരെ അപ്പീല്‍ നല്‍കാനാണ് അതിജീവിതയുടെ തീരുമാനം. രണ്ടാമത്തെ കേസിൽ ഉപാധികളില്ലാതെയാണ് ജാമ്യം അനുവദിച്ചത്. ദളിതർക്ക് വേണ്ടി പൊതുസമൂഹത്തിൽ സംസാരിക്കുന്ന ആളുടെ ഉള്ളിലിരിപ്പ് മറ്റൊന്നാണെന്നും, ലൈംഗിക വൈകൃത സ്വഭാവമുള്ള സിവിക്കിന് ജാമ്യം നൽകരുതെന്നുമായിരുന്നു പ്രോസിക്യൂഷൻ വാദം.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *