കൊട്ടാരക്കരയിൽ വീട്ടിലേക്ക് മറിഞ്ഞ കോൺഗ്രീറ്റ് മിക്സിംഗ് ലോറി ആറ് ദിവസത്തിന് ശേഷം നീക്കി. ഇന്നലെ വൈകിട്ട് ക്രെയിൻ ഉപയോഗിച്ചാണ് വാഹനം മാറ്റിയത്. അപകടത്തിൽ തകർന്ന വീട് വളരെ വേഗം പുതുക്കി പണിത് നൽകുമെന്നും ലോറിയുടമ പറഞ്ഞു. അടൂരിൽ നിന്നും കുന്നിക്കോടേക്ക് പോയ വലിയ കോൺക്രീറ്റ് റെഡിമിക്സ് ലോറി വെള്ളിയാഴ്ച രാവിലെയാണ് മൈലം സ്വദേശിയായ രാമചന്ദ്രൻ പിള്ളയുടെ വീട്ടിലേക്ക് മറിഞ്ഞത്. അപകടമുണ്ടായിട്ടും ലോറിയുടമ തിരിഞ്ഞു നോക്കിയില്ലെന്ന് ആരോപണമുയർന്നിരുന്നു.
വെള്ളമോ വെളിച്ചമോ ഇല്ലാതെ കഴിഞ്ഞ കുടുംബത്തിന്റെ ദുരവസ്ഥ പുറത്തുവന്നതിനെ തുടർന്ന് കെ ബി ഗണേഷ് കുമാർ എംഎൽഎയുടെ നേതൃത്വത്തിൽ നടന്ന ചര്‍ച്ചയിൽ വാഹനം നീക്കം ചെയ്യാമെന്നും, വീട് പുതുക്കി പണിയാമെന്ന് വാഹനയുടമ ഉറപ്പ് നൽകി. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം വൈകിട്ട ക്രെയിൻ ഉപയോഗിച്ച് വാഹനം നീക്കിയത്. വീട് പണി ഉടൻ തുടങ്ങുമെന്നും തകർന്ന വീട്ടുപകരണങ്ങൾക്ക് പകരം പുതിയത് വാങ്ങി നൽകാമെന്നും വാഹനയുടമ ഉറപ്പ് നൽകിയിട്ടുണ്ട്.

