പുരാവസ്തു തട്ടിപ്പ് കേസ്: സി.ബി.ഐ അന്വേഷണം വേണമെന്ന് പരാതിക്കാർ

പുരാവസ്തു തട്ടിപ്പ് കേസ്: സി.ബി.ഐ അന്വേഷണം വേണമെന്ന് പരാതിക്കാർ

മോന്‍സണ്‍ മാവുങ്കല്‍ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് പരാതിക്കാരുടെ ആവശ്യം. കേസ് സി.ബി.ഐക്ക് കൈമാറണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് പരാതി നൽകി. ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ വെള്ളപൂശി ക്രൈം ബ്രാഞ്ച് ഹൈക്കോടതിയിൽ റിപ്പോർട്ട്‌ നൽകിയതിന് പിറകെ ആണ് നീക്കം.

ക്രൈംബ്രാഞ്ച് അന്വേഷണം കാര്യക്ഷമമല്ലെന്നാണ് പരാതി. തെളിവുകൾ പലതും അട്ടിമറിച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും കേസിൽ പ്രതികളാണ്. ക്രൈംബ്രാഞ്ചിന് അന്വേഷണം നടത്താൻ പരിമിതികൾ ഉണ്ട്. യാഥാർത്ഥ പ്രതികൾ പലരും ഇപ്പോഴും പിടിയിലായില്ല. സംസ്ഥാനത്തിന് പുറത്തടക്കം നീണ്ടു നിൽക്കുന്നതാണ് തട്ടിപ്പ്. സിബിഐ അന്വേഷണം അനിവാര്യമെന്നും പരാതിക്കാരൻ യാക്കൂബ് പുതിയപുരയിൽ പറയുന്നു.

മോൻസൻ മാവുങ്കലിനെതിരായ കേസിൽ ആരോപണവിധേയരായ പൊലീസുദ്യോഗസ്ഥരെ പ്രതി ചേർക്കണമെന്നാവശ്യപ്പെട്ടുളള ഹർജി ഹൈക്കോടതി രണ്ടാഴ്ചക്കുശേഷം പരിഗണിക്കുന്നുണ്ട്. ഐ ജി ലക്ഷ്മണയടക്കമുളള ഉദ്യോഗസ്ഥരെ പ്രതി ചേര്‍ക്കണമെന്നാവശ്യപ്പെട്ടുള്ള ഹ‍ര്‍ജി പരിഗണിക്കാനായി ഈ മാസം 10ല്‍ നിന്ന് മാറ്റുകയായിരുന്നു. ജസ്റ്റിസ് സിയാദ് റഹ്മാനാണ് ഹർജി പരിഗണിച്ചത്. പൊലീസ് ഉദ്യോഗസ്ഥ‍ര്‍ക്ക് ക്ലീൻ ചിറ്റ് നൽകി ക്രൈംബ്രാഞ്ച് കോടതിയിൽ ദിവസങ്ങള്‍ക്ക് മുമ്പ് റിപ്പോർട്ട് നൽകിയിരുന്നു. തട്ടിപ്പിൽ ഉദ്യോഗസ്ഥർക്ക് നേരിട്ട് പങ്കില്ലെന്നും ചില ഉദ്യോഗസ്ഥർ മോൻസനിൽ നിന്ന് പണം വാങ്ങിയത് കടമായിട്ടാണെന്നുമാണ് ക്രൈംബ്രാഞ്ച് നിലപാട്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *