പെരുമാതുറ ; മുതലപ്പൊഴി ഹാർബറിന് സമീപം മത്സ്യബന്ധനത്തിനിടെ ബോട്ട് അപകടത്തിൽ പെട്ട് കാണാതായ യുവാക്കളെ ഇന്നും കണ്ടെത്താൻ കഴിഞ്ഞില്ല. അഞ്ചുതെങ്ങ് കോസ്റ്റൽ പോലീസും മറൈൻ എൻഫോഴ്സ്മെന്റും കോസ്റ്റ് ഗാർഡിൻ്റെ ഹെലികോപ്ടറും കപ്പലും സംയുക്തമായാണ് തെരച്ചിലിനായി രംഗത്തുള്ളത്.
ഇന്ന് രാവിലെ 7 മണിയോടെ കോസ്റ്റൽ പോലീസിൻ്റെ നേതൃത്വത്തിലാണ് തെരച്ചിൽ പുനരാരംഭിച്ചത്. 9 മണിയോടെ കോസ്റ്റ് ഗാർഡിൻ്റെ കപ്പലും ഹെലിക്കോപ്റ്ററും തിരച്ചിൻ്റെ ഭാഗമായി എത്തി.പെരുമാതുറ, അഞ്ചുതെങ്ങ്, മര്യനാട്, വർക്കല തീരങ്ങളിൽ ഇന്നും തെരച്ചിൽ നടന്നു . കരയിൽ നിന്നും 35 നോട്ടിക്കൽ മൈൽ ഉൾകടലിലും തെരച്ചിൽ നടത്തിയതായാണ് വിവരം.എന്നാൽ മണിക്കൂറുകളോളം തെരച്ചിൽ നടത്തിയെങ്കിലും എല്ലാം വിഫലമായി.
ഞായറാഴ്ച രാവിലെ 6.30 ഓടെയായിരുന്നു മുതലപ്പൊഴി ഹാർബറിനടുത്തുള്ള തടിമില്ലിന് സമീപം കടലിൽ അപകടം നടന്നത്. ബോട്ടിന്റെ എഞ്ചിൻ പ്രവർത്തനരഹിതമായതിനെ തുടർന്ന് ബോട്ടിലുള്ള 3 പേരും കടലിലേക്ക് ചാടുകയായിരുന്നു. ഒരാൾ നീന്തി കരയിലെത്തിയെങ്കിലും ബാക്കി രണ്ടു പേരെയും കാണാതാവുകയായിരുന്നു.
കഠിനംകുളം, ചേരമാൻതുരുത്ത് കിഴക്കേ തൈവിളാകം വീട്ടിൽ അബ്ദുൽ അസീസ് – സൽമാ ബീവി ദമ്പതികളുടെ മകൻ മുഹമ്മദ് സഫീർ (36), കഠിനംകുളം ചേരമാൻ തുരുത്ത് കടവിൽ വീട്ടിൽ സഫർ – താഹിറ ദമ്പതികളുടെ മകൻ ഷമീർ (31) എന്നിവരെയാണ് കാണാതായത്.
