കൊല്ലം , അച്ചൻകോവിൽ, ഹരിജൻകോളനി, ബ്ലോക്ക് നമ്പർ 27, അംശുഭവനിൽ അംശുരാജി (41)നെയാണ് കിളിമാനൂർ പോലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് മൂന്നര മണിയോടെയായിരുന്നു സംഭവം. പിണങ്ങി കഴിയുന്ന ഭാര്യയേയും കുഞ്ഞിനേയും പിതാവ് സംരക്ഷിക്കുന്നതിന്റെ വിരോധത്തിൽ പ്രതി തട്ടത്തുമല മറവക്കുഴിയിലുള്ള ഭാര്യാഗൃഹത്തിൽ അതിക്രമിച്ച് കയറി കയ്യിൽ കരുതിയിരുന്ന ഓട് കൊണ്ട് ഭാര്യാ പിതാവായ ബാബു ( 75 )വിന്റെ തലയിലും മുഖത്തും ശരീരത്തിലും അടിച്ച് പരിക്കേൽപ്പിക്കുകയും മൊബൈൽ ഫോൺ എറിഞ്ഞു തകർത്ത ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. അക്രമത്തിൽ പരിക്കേറ്റ ഭാര്യാ പിതാവിനെ തിരുവനന്തപുരം മെഡിയ്ക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കൃത്യത്തിന് ശേഷം ഒളിവിൽ പോകാൻ ശ്രമിച്ച പ്രതിയെ പോലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. സർക്കാർ ജീവനക്കാരനായിരുന്ന പ്രതി സഹപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയതിന് 2016 ൽ സർവ്വീസിൽ നിന്നും പിരിച്ചു വിട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിൽ പ്രതിക്കെതിരേ കേസ് നിലവിലുണ്ട്. കിളിമാനൂർ ഐ എസ് എച്ച് ഒ എസ്. സനൂജിന്റെ നേതൃത്വത്തിൽ എസ് ഐ വിജിത്ത്.കെ.നായർ , എ എസ് ഐ മാരായ ഷജിം, താഹിർ , ഷാജു എസ് സി പി ഒ മഹേഷ്, സി പി ഒ മാരായ വിനയചന്ദ്രൻ , ശ്രീരാജ് , ഡബ്ലിയു സി പി ഒ രേഖ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
