ഓട്ടം അവസാനിപ്പിച്ച് കൊരട്ടി ജങ്ഷനില്‍ പാര്‍ക്ക് ചെയ്തിരുന്ന ബസുമായി കടന്ന യുവാവിനെ പോലീസ് പിടികൂടി. ഒട്ടേറെ ലഹരിമരുന്ന് കേസുകളില്‍ പ്രതിയായ യുവാവ് ഹെല്‍മെറ്റ് ധരിച്ചാണ് നിര്‍ത്തിയിട്ട ബസ് അപകടകരമാംവിധം ഓടിച്ചുപോയത്. ലഹരിമരുന്ന് കേസുകളിലും ഒട്ടേറെ മോഷണക്കേസുകളിലും പ്രതിയായ കറുകുറ്റി പുത്തന്‍പുരയ്ക്കല്‍ റിഥിനെയാണ് എസ്.എച്ച്.ഒ. ബി.കെ. അരുണും സംഘവും അറസ്റ്റുചെയ്തത്.
ഇയാള്‍ ലഹരിമരുന്നിന് അടിമയാണെന്നാണ് പോലീസ് നല്കുന്ന സൂചന. അങ്കമാലി-കൊരട്ടി റൂട്ടിലോടുന്ന ബെസ്റ്റ് വേ എന്ന സ്വകാര്യ ബസാണ് 18 കിലോമീറ്റര്‍ ദൂരം ഓടിച്ചുകൊണ്ടുപോയത്. അങ്കമാലി സ്റ്റേഷന് പരിധിയില്‍നിന്ന് മോഷ്ടിച്ച ബൈക്കില്‍ കറങ്ങിനടക്കുന്നതിനിടെയാണ് ഇയാള്‍ ജങ്ഷനിലെത്തിയത്. ബസ് പാര്‍ക്ക് ചെയ്ത സ്ഥലത്തെത്തി ബൈക്ക് നിര്‍ത്തി ബസുമായി പോകുകയായിരുന്നു.
