സർവ്വകലാശാലകളിൽ ഗവർണറുടെ അധികാരം വെട്ടികുറക്കുന്ന ബിൽ നാളെ നിയമ സഭ പാസ്സാക്കും. വി സി നിയമനത്തിനുള്ള സെർച് കമ്മിറ്റിയിൽ രണ്ട് സർക്കാർ പ്രതിനിധികളെ കൂടി ചേർത്തു ഗവർണറുടെ നിയമന അധികാരം ഇല്ലാതാക്കുക ആണ് ലക്ഷ്യം.സബ്ജക്ട് കമ്മിറ്റിയിൽ വിയോജിച്ച പ്രതിപക്ഷം സഭയിലും എതിർപ്പ് ആവർത്തിക്കും.ഇന്നലെ പാസ്സാക്കിയ ലോകയുക്ത ബില്ലിലും നാളെ പാസക്കുന്ന സർവ്വകലാശാല നിയമ ഭേദഗതി ബില്ലിലും ഗവർണർ ഒപ്പിടുമോ എന്നതാണ് ഇനിയുള്ള ആകാംക്ഷ
ഇതിനിടെ ഗവർണറെ അനുനയിപ്പിക്കാൻ സർവകലാശാല നിയമ ഭേദഗതി ബില്ലിൽ മാറ്റത്തിന് സർക്കാർ തീരുമാനിച്ചു . വി സി നിയമനത്തിനു ഉള്ള സെർച് കമ്മിറ്റി കൺവീനർ ആയി ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനെ നിയമിക്കാനുള്ള വ്യവസ്ഥ ഒഴിവാക്കി. പകരം ഉന്നത വിദ്യാഭ്യാസ കൗൺസിൽ പ്രതിനിധി മതി എന്നാണ് ധാരണ.
സർവകലാശാലകളുമായി നേരിട്ട് ബന്ധം ഉള്ളവരെ കൺവീനർ ആക്കുന്നത് യു ജി സി മാർഗ നിർദേശത്തിന് വിരുദ്ധം ആകുമെന്നാണ് സർക്കാർ വിലയിരുത്തൽ. അതെ സമയം പുതിയ ഭേദഗതി കൊണ്ട് ഗവർണറെ അനുനയിപ്പിക്കാൻ കഴിയുമോ എന്ന് സർക്കാരിന് ഉറപ്പില്ല.
