January 15, 2026

കുന്നിക്കോട്: മൂന്ന് പഞ്ചായത്തുകളിലേക്ക് കുടിവെള്ളം എത്തിക്കുന്ന മഞ്ഞമൺകാല ജലവിതരണ പദ്ധതിയുടെ ജലസംഭരണിയില്‍ ചോര്‍ച്ച. ജലശുദ്ധീകരണ പ്ലാന്‍റിനോട് ചേർന്ന് സ്ഥാപിച്ച കൂറ്റൻ ടാങ്കാണ് ചോർന്നൊലിക്കുന്നത്. ടാങ്കിന് പിന്നിൽ ബീമും തൂണും ചേരുന്ന ഭാഗത്താണ് വലിയതോതില്‍ ചോര്‍ച്ചയുള്ളത്.

നിര്‍മാണം പൂര്‍ത്തിയായി ഏഴുമാസം മുമ്പാണ് പദ്ധതി കമീഷൻ ചെയ്തത്. 10.3 ദശലക്ഷം ലിറ്റർ ശേഷിയുള്ളതാണ് ചോര്‍ന്നൊലിക്കുന്ന ടാങ്ക്. ടാങ്കിലേക്ക് പടവുകൾ കയറി പകുതിയിലധികം മുകളില്‍ എത്തിയാല്‍ മാത്രമേ ചോര്‍ച്ച മനസ്സിലാക്കാന്‍ കഴിയൂ. ശുദ്ധീകരണത്തിനുശേഷം വിതരണ ടാങ്കുകളിലേക്ക് എത്തിക്കാന്‍ പൂർണതോതിൽ വെള്ളം നിറക്കുന്നത് ഇവിടെയാണ്. പദ്ധതിയുടെ പ്രയോജനം പൂര്‍ണമായും ജനങ്ങളിലേക്ക് ഇതുവരെ എത്തിയിട്ടില്ല.വിളക്കുടി ഗ്രാമപഞ്ചായത്തിലെ കുറച്ചുഭാഗത്തെ ഗാർഹിക കണക്ഷനുകളിൽ വെള്ളമെത്തിക്കാൻ മാത്രമാണ് ഇപ്പോൾ പമ്പിങ് നടത്തുന്നത്.

വെട്ടിക്കവല, മേലില പഞ്ചായത്തുകളിൽ പൈപ്പ് ലൈനുകൾ സ്ഥാപിക്കുന്നതേയുള്ളൂ. തറനിരപ്പില്‍നിന്ന് വളരെ ഉയരത്തിലുള്ള മലമുകളിൽ അമ്പതടിയോളം പൊക്കത്തില്‍, കോണ്‍ക്രീറ്റ് തൂണുകള്‍ സ്ഥാപിച്ച് അതിന് മുകളിലാണ് ജലസംഭരണിയുള്ളത്.

കോടികള്‍ മുടക്കിയാണ് പദ്ധതി പ്രവര്‍ത്തനസജ്ജമാക്കിയത്. നബാർഡിൽനിന്ന് അനുവദിച്ച 24.15 കോടി ചെലവഴിച്ചാണ് പദ്ധതിയുടെ ഒന്നാംഘട്ടം നടത്തിയത്. ജൽജീവൻ പദ്ധതിയിൽ 135 കോടി രൂപ മുടക്കി മൂന്ന് പഞ്ചായത്തുകളിലായി രണ്ടാംഘട്ടം പുരോഗമിക്കുന്നതിനിടെയാണ് ചോർച്ച ഉണ്ടായിരിക്കുന്നത്.

പൂര്‍ണതോതില്‍ ജലമുള്ളപ്പോള്‍ സംഭരണിയുടെ വശങ്ങളില്‍ വിള്ളലുകള്‍ സംഭവിച്ചാല്‍ വലിയ അപകടമാണ് ഉണ്ടാകുക. ചോർച്ച തുടർന്നാൽ ഉള്ളിലെ കമ്പികൾ ദ്രവിച്ച് സംഭരണിക്ക് ബലക്ഷയമുണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *