January 15, 2026

കാട്ടാക്കട: കള്ളിക്കാട് പഞ്ചായത്തിലെ തെരുവ് വിളക്കുകളുടെ ഫ്യൂസ് ഊരി വൈദ്യുതി വകുപ്പ്. മാസങ്ങളായി തെരുവ് വിളക്കുകളുടെ വൈദ്യുതി ചാർജ് അടയ്ക്കാത്തതാണ് കാരണം. പലവട്ടം പഞ്ചായത്തിന് മുന്നറിയിപ്പ് നൽകിയിട്ടും പണം അടച്ചില്ല. ഇതോടെ ഇന്നലെ വൈകിട്ട് തെരുവ് വിളക്കുകളുടെ ഫ്യൂസ് ഊരുകയായിരുന്നു. വിളക്കുകളുടെ അറ്റകുറ്റപ്പണികളും വൈദ്യുതി ചാർജും അടയ്ക്കേണ്ടത് പഞ്ചായത്താണ്. ഒരു മാസം ശരാശരി 50,000രൂപ തെരുവ് വിളക്കുകളുടെ വൈദ്യുതി ചാർജ് ഇനത്തിൽ നൽകണം. ഇത് 6 മാസമായി നൽകുന്നില്ല. 3 ലക്ഷത്തോളം രൂപയുടെ കുടിശിക വരുത്തി.
പണം അടച്ചില്ലെങ്കിൽ ഇന്നലെ ഫ്യൂസ് ഊരുമെന്ന് പഞ്ചായത്തിനെ നേരത്തെ അറിയിച്ചിരുന്നതായി വൈദ്യുതി ബോർഡ് അധികൃതർ പറഞ്ഞു. എന്നാൽ പണം അടയ്ക്കാൻ പഞ്ചായത്ത് കൂട്ടാക്കിയില്ല. ഇതാണ് ഇന്നലെ മുതൽ കള്ളിക്കാട് പഞ്ചായത്ത് പരിധി ഇരുട്ടിലാകാൻ കാരണം. ഉൾ പ്രദേശങ്ങളിലെ ഇട റോഡുകളിലൂടെ സഞ്ചരിക്കുന്നവരാണ് തെരുവ് വിളക്കില്ലാതെ ഏറെ വലയുന്നത്. വന്യമൃഗ ശല്യം ഉൾപ്പെടെ പഞ്ചായത്തിന്റെ പല മേഖലയിലുമുണ്ട്. തെരുവ് വിളക്കുകൾ മിഴിയടച്ചതോടെ ഇനി ഇരുട്ട് വീണാൽ പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയാണെന്ന് നാട്ടുകാർ പറയുന്നു

Leave a Reply

Your email address will not be published. Required fields are marked *