ഒറ്റൂർ : പഞ്ചായത്തിലെ 12-ാം വാർഡിൽ ഭഗവതിപുരം ക്ഷേത്രത്തിന് സമീപം വഴത്തോട്ടത്തിൽ 50 അടി താഴ്ചയും 4 അടി വെള്ളവുമുള്ള ഉപയോഗ ശൂന്യമായ കിണറ്റിൽ വീണ യുവാവിനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി.മണപ്പൂർ മുണ്ടയിൽകോണം കണ്ണനാണ് (30) കിണറ്റിൽ വീണത്.
ചൊവ്വാഴ്ച രാവിലെ 5 :30 ഓടെയാണ് അപകടം. കിണറ്റിൽ നിന്നും കരയ്ക്കെത്താനുള്ള ശ്രമം പരാജയപ്പെട്ടതോടെ അപകട വിവരം കൈയിൽ ഉണ്ടായിരുന്ന മൊബൈലിൽ നിന്നും കണ്ണൻ പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് അറിയിച്ചതിനെ തുടർന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തി. അഗ്നിശമന ഉദ്യോഗസ്ഥൻ അരവിന്ദൻ എം ഏറെ സാഹസപ്പെട്ട് കിണറ്റിലിറങ്ങി കണ്ണനെ രക്ഷിച്ച് കരയിലെത്തിക്കുകയായിരുന്നു. റോഡ് നിർമ്മാണ തൊഴിലാളിയാണ് കണ്ണൻ.
ഗ്രേസ് അസിസ്റ്റന്റ് സർക്കിൾ ഓഫീസർ എസ് സുനിൽ കുമാറിൻ്റെ നേതൃത്വത്തിൽ ഫയർ & റെസ്ക്യൂ ഓഫീസർന്മാരായ അരവിന്ദൻ, മിധേഷ്, അന്ദു, അനീഷ് എന്നിവർ രക്ഷാപ്രവർത്തന സംഘത്തിൽ ഉണ്ടായിരുന്നു
