നേമം : കേരള സാംബവ സഭ പെരിങ്ങമ്മല ശാഖ തെറ്റിവിള അംബേദ്കർ റോഡിൽ സ്ഥാപിച്ചിരുന്ന അംബേദ്കർ പ്രതിമയുടെ ഗ്ലാസ് തകർത്ത് സമീപത്തെ തോട്ടിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ വൈകിട്ട് ശാഖ അംഗങ്ങൾ എത്തിയപ്പോഴാണ് വിവരം അറിയുന്നത്. പ്രതിമയുടെ ഒരു വശത്തെ ഗ്ലാസ് തകർത്ത ശേഷം ഫ്രെയിമോടുകൂടിയാണ് തോട്ടിൽ ഉപേക്ഷിച്ചിരിക്കുന്നത്. മൂന്നുവർഷം മുൻപ് സ്ഥാപിച്ചതാണിത്. സംഭവമറിഞ്ഞ് നേമം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
തോട്ടിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ഗ്ലാസും ഫ്രെയിമും നേമം സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്. ഇതറിഞ്ഞ് സ്ത്രീകൾ ഉൾപ്പെടെ നാട്ടുകാർ സംഭവസ്ഥലത്ത് തടിച്ചുകൂടി. സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന് വൈകിട്ട് സാംബവ സഭ സംസ്ഥാന നേതാക്കൾ ഉൾപ്പെടെ പങ്കെടുക്കുന്ന പ്രതിഷേധയോഗവും പന്തം കൊളുത്തി പ്രകടനവും നടത്തുമെന്ന് ശാഖ ഭാരവാഹികൾ അറിയിച്ചു. പ്രതികളെ എത്രയും വേഗം കണ്ടെത്തി നിയമ നടപടി സ്വീകരിക്കണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു.
