തിരുവനന്തപുരം: ഇന്ത്യൻ ക്രിക്കറ്റ് താരം കെ.എൽ.രാഹുൽ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി. കോവളത്തെ ഹോട്ടലിൽ നിന്ന് ടീമിന്റെ ഏഴ് സപ്പോർട്ടിങ് സ്റ്റാഫിനൊപ്പമാണ് രാഹുൽ ഇന്നലെ രാവിലെ എട്ടരയോടെ ക്ഷേത്രത്തിൽ എത്തിയത്. ക്ഷേത്ര ആചാരം അനുസരിച്ച് മുണ്ട് ഉടുത്തായിരുന്നു ദർശനം.
ക്ഷേത്രത്തിലെത്തിയ ഒട്ടേറെപ്പേർ താരത്തെ തിരിച്ചറിഞ്ഞു. അര മണിക്കൂറോളം സമയം അദ്ദേഹം ക്ഷേത്രത്തിൽ ചെലവഴിച്ച ശേഷമാണ് മടങ്ങിയത്. കഴിഞ്ഞ ദിവസം ഇന്ത്യൻ വംശജനായ ദക്ഷിണാഫ്രിക്കൻ താരം കേശവ് മഹാരാജും ടീം ഫിസിയോക്കൊപ്പം പത്മനാഭ സ്വാമി ക്ഷേത്ര ദർശനം നടത്തിയിരുന്നു.
ഇന്ത്യയുടെയും ദക്ഷിണാഫ്രിക്കയുടെയും മറ്റ് താരങ്ങൾ പരിശീലനത്തിന് പുറത്തിറങ്ങിയതൊഴിച്ചാൽ പൂർണ സമയവും ഹോട്ടലിനുള്ളിൽ തന്നെയായിരുന്നു. ദക്ഷിണാഫ്രിക്കൻ ടീമിനായി ഇന്നലെ രാത്രി ഹോട്ടലിൽ പ്രത്യേക ബാർബിക്യു ഡിന്നർ ഒരുക്കിയിരുന്നു. ഇന്ത്യയുടെയും ദക്ഷിണാഫ്രിക്കയുടെയും ടീം അംഗങ്ങൾ കോവളം റാവിസ് ഹോട്ടലിലെ രണ്ടു ഭാഗങ്ങളിലായാണു താമസിക്കുന്നത്. ഭക്ഷണവും വേറെ സ്ഥലങ്ങളിലാണ്. അതിനാൽ ഇന്നലെ ഇരു ടീം അംഗങ്ങൾ തമ്മിൽ ഹോട്ടലിൽ കൂടിക്കാഴ്ചയ്ക്ക് അവസരം ഉണ്ടായിരുന്നില്ല.
