January 15, 2026

നെടുമങ്ങാട്: മങ്ങിയകാഴ്ചകള്‍ കണ്ടുമടുത്ത ആയിരം പേര്‍ക്ക് തെളിഞ്ഞ കാഴ്ച നല്‍കി നെടുമങ്ങാട് ജില്ല ആശുപത്രി. തിങ്കളാഴ്ച്ച ശസ്ത്രക്രിയക്ക് വിധേയയായ കടയ്ക്കല്‍ സ്വദേശിനി പ്രസന്ന (57) ആയിരുന്നു എണ്ണത്തില്‍ ആയിരം തികച്ച രോഗി. നേത്രരോഗ വിഭാഗം മേധാവി ഡോ. ദീപ്തിലാലാണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്.

താക്കോല്‍ദ്വാര ശസ്ത്രക്രിയയിലൂടെ ആയിരത്തിലധികം തിമിരബാധിതര്‍ക്കാണ് ഇവിടെ കാഴ്ച തിരികെകിട്ടിയത്. വര്‍ഷങ്ങളായി മുടങ്ങിക്കിടന്ന ശസ്ത്രക്രിയ യൂനിറ്റ് ഒന്നരവര്‍ഷം മുമ്പ് ഡോ. ദീപ്തിലാലിന്റെ വരവോടെയാണ് പുനരാരംഭിച്ചത്. നേത്രചികിത്സ വിഭാഗത്തിന്റെ ചുമതല ഏറ്റെടുത്തതോടെ രോഗികളുടെ ശസ്ത്രക്രിയ മുടക്കംകൂടാതെ നടക്കാന്‍ തുടങ്ങി. മന്ത്രി ജി.ആര്‍. അനില്‍, ജില്ല പഞ്ചായത്ത്, എന്‍.പി.സി.ബി, ജില്ല നേത്രവിഭാഗം, ആശുപത്രി വികസന സമിതി എന്നിവരുടെ ശ്രമഫലമായി ഒന്നരക്കോടിയിലധികം വിലയുള്ള അത്യാധുനിക ഉപകരണങ്ങളാണ് നെടുമങ്ങാട് ജില്ല ആശുപത്രിയിലെ നേത്ര വിഭാഗത്തില്‍ ശസ്ത്രക്രിയക്കായി സജ്ജമാക്കിയത്.

നെടുമങ്ങാട് നഗരസഭ, സമീപത്തെ ഇരുപതിലധികം പഞ്ചായത്തുകള്‍ എന്നിവ കൂടാതെ നിലവില്‍ അന്യജില്ലകളില്‍ നിന്നുപോലും നിരവധി രോഗികളാണ് ഇവിടെ ചികിത്സതേടി എത്തുന്നത്. ആശുപത്രി സൂപ്രണ്ട് ഡോ. നിത എസ്. നായരുടെ നേതൃത്വത്തിലുള്ള ആരോഗ്യവിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങളാണ് ഈ നേട്ടത്തിന് പിന്നില്‍.

Leave a Reply

Your email address will not be published. Required fields are marked *