തിരുവനന്തപുരം: പട്ടികടിയിൽ നിന്നു ജനങ്ങളെ രക്ഷിക്കാൻ പൊലീസ് നെട്ടോട്ടമോടുമ്പോൾ പൊലീസ് സ്റ്റേഷനിൽ തന്നെ പരാതിക്കാരനെ പട്ടികടിച്ചു. മുൻ പ്രതിരോധ മന്ത്രി എ.െക. ആന്റണി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്ന കാലത്ത് സ്റ്റാഫായി ജോലി ചെയ്ത ശാസ്തമംഗലം പണിക്കേഴ്സ് ലെയിനിൽ താമസിക്കുന്ന റിയാസിനെയാണ് പൊലീസുകാരെ സാക്ഷിനിർത്തി പേരൂർക്കട സ്റ്റേഷനിൽവച്ച് പട്ടി കടിച്ചത്. റിയാസ് ഇപ്പോൾ പേവിഷ ബാധയ്ക്ുള്ള പ്രതിരോധ കുത്തിവയ്പ് എടുത്തുകൊണ്ടിരിക്കുന്നു.
ഒരു റോഡപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന റിയാസ് സ്റേറഷനിൽ അതു സംബന്ധിച്ച പരാതി നൽകിയതിന്റെ രസീത് വാങ്ങാനായി എത്തിയപ്പോഴാണ് പട്ടി ആക്രമിച്ചത്. തിങ്കളാഴ്ച വൈകിട്ട് 6.30 നായിരുന്നു സംഭവം. ഇടത് കാലിലാണ് കടിയേറ്റത്. സ്റ്റേഷനിലേക്ക് കയറുന്നതിനിടയിൽ പട്ടി പിന്നാലെ വന്നു കടിക്കുകയായിരുന്നുവെന്നു റിയാസ് പറഞ്ഞു. സ്റ്റേഷനിലേക്ക് വീൽ ചെയർ കയറ്റാനായി ഉണ്ടാക്കിയ റാമ്പിൽ കിടന്ന നായയാണ് പ്രകോപനമില്ലാതെ കടിച്ചത്.
സ്റ്റേഷൻ ജീവനക്കാർ ഭക്ഷണം നൽകി വളർത്തുന്ന നായയാണ് ഇതെന്നു റിയാസ് പറയുന്നു. എന്നാൽ സ്റേഷൻ അധികൃതർ ഇത് നിഷേധിച്ചു. സ്റ്റേഷന് അടുത്തുള്ള പേരൂർക്കട ഗവ. ആശുപത്രിയിലേക്ക് എത്തിച്ച റിയാസിനെ കുത്തിവയ്പെടുക്കാൻ പിന്നീട് ജനറൽ ആശുപത്രിയിലേക്ക് അയച്ചു. ജനറൽ ആശുപത്രിയിൽ എത്തി കുത്തിവയ്പ്പ് എടുത്തു.
