തിരുവനന്തപുരം : ആരാധകരെയും ഇന്ത്യൻ ക്രിക്കറ്റിന്റെ മഹാപ്രതിഭകളെയും സാക്ഷിയാക്കി ദക്ഷിണാഫ്രിക്കയ്ക്കെതിരേ നീലപ്പടയ്ക്ക് ആധികാരികജയം. സ്റ്റേഡിയം നിറഞ്ഞ് ആയിരക്കണക്കിനുപേർ ഒഴുകിയെത്തിയെങ്കിലും ഗ്രീൻഫീൽഡിൽ റൺമഴ മാത്രമുണ്ടായില്ല. ലോകോത്തര താരനിര ഏറ്റുമുട്ടിയപ്പോൾ പ്രതീക്ഷിച്ച ബാറ്റിങ് വെടിക്കെട്ടും കാര്യവട്ടത്തുണ്ടായില്ല. എന്നാൽ സൂര്യകുമാർ യാദവും കെ.എൽ.രാഹുലും കേശവ് മഹാരാജും ഇടയ്ക്കിടെ ഗാലറിയെ ട്വന്റി20 മത്സരമാണെന്ന് ഓർമിപ്പിച്ചു.
അനന്തപുരിയിൽ ഗ്രീൻഫീൽഡിന്റെ ഗാലറിയിൽ ആയിരക്കണക്കിന് ആരാധകർ ആദ്യാവസാനം നീലത്തിരമാല തീർത്താണ് ഇന്ത്യയ്ക്കു പിന്തുണയേകിയത്. ആദ്യ ഓവറിൽത്തന്നെ ആരാധകരെ ത്രസിപ്പിച്ച് ഇന്ത്യൻ ബൗളർമാർ ദക്ഷിണാഫ്രിക്കയ്ക്കു പ്രഹരമേൽപ്പിച്ചു. കെ.എൽ.രാഹുൽ സിക്സ് പറത്തി വിജയം നേടുന്നതുവരെ ഗാലറിയുടെ ആരവത്തിനു ശമനമുണ്ടായില്ല.
