January 15, 2026

വെള്ളറട: ഒറ്റശേഖരമംഗലം വട്ടപ്പറമ്പ് വേറ്റയിലെ പന്നി വളര്‍ത്തല്‍ കേന്ദ്രത്തിലെ മാലിന്യം നെയ്യാറില്‍ തള്ളുന്നത് മൂന്നാറ്റുമുക്കിലെ കുടിവെള്ള പദ്ധതിയെ മലിനമാക്കുന്നതായി നാട്ടുകാര്‍. മുമ്പ് ഒറ്റശേഖരമംഗലം പഞ്ചായത്തിലെ കളിവിളാകം വാര്‍ഡില്‍ പ്രവര്‍ത്തിച്ചിരുന്ന കേന്ദ്രം, മാറ്റി സ്ഥാപിച്ച വേറ്റയിലും മാലിന്യം നിക്ഷേപിക്കുന്നതായാണ് പരാതി.

മൂന്ന് പഞ്ചായത്തുകള്‍ക്ക് കുടിവെള്ളം നൽകുന്ന പദ്ധതിയുടെ ജലശേഖരണ കേന്ദ്രത്തിന്റെ 50 മീറ്റര്‍ അകലെയാണ് സ്വകാര്യവ്യക്തി നടത്തുന്ന പന്നിഫാം. വലിയ തോതിലുള്ള മാലിന്യ നിക്ഷേപവും അതിനോടനുബന്ധിച്ചുള്ള ജലമലിനീകരണവുമാണ് ഇവിടെ നിന്നുണ്ടാകുന്നത്. നൂറുകണക്കിന് പന്നികളെ വളര്‍ത്തുന്ന ഫാമില്‍നിന്നും പുറന്തള്ളുന്ന വിസര്‍ജ്യം ഉള്‍പ്പെടെയുള്ള മാലിന്യം ഒരുവിധ ട്രീറ്റ്‌മെന്റും ഇല്ലാതെ നെയ്യാറിലേക്ക് പുറന്തള്ളുകയാണ്.

തിരുവനന്തപുരം നഗരത്തില്‍നിന്ന് അനധികൃതമായി ശേഖരിക്കുന്ന മാലിന്യവും ഫാമിന് സമീപം നിക്ഷേപിച്ചിട്ടുണ്ട്. പ്ലാസ്റ്റിക് മാലിന്യവും മറ്റ് വിസര്‍ജ്യങ്ങളും ജലനിരപ്പുയരുന്ന സമയത്ത് നെയ്യാറിലേക്ക് നിക്ഷേപിക്കുകയാണ് ചെയ്യുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നു. 35 അംഗൻവാടികളും മൂന്ന് സ്‌കൂളുകളും മുപ്പതിനായിരത്തോളം ജനങ്ങളും അധിവസിക്കുന്ന ഒരു വലിയ മേഖലക്ക് കുടിവെള്ളമെത്തിക്കുന്ന പദ്ധതിയുടെ ജല ശേഖരണ സംവിധാനത്തിലേക്കാണ് മാലിന്യം നേരിട്ട് എത്തുന്നത്. സമീപപ്രദേശങ്ങളില്‍ കടുത്ത പരിസ്ഥിതി പ്രശനങ്ങള്‍ക്കും ഇത് കാരണമാകുന്നു.

ഒറ്റശേഖരമംഗലം മണ്ഡപത്തിങ്കടവ്, ആര്യന്‍കോട് ചെമ്പൂര്, കീഴാറൂര്‍, മൈലച്ചല്‍ തുടങ്ങിയ സ്ഥലങ്ങളിലെ ഹോട്ടലുകള്‍, സ്‌കൂളുകള്‍, കല്യാണ മണ്ഡപങ്ങള്‍ തുടങ്ങിയവ ഈ പദ്ധതിയെ ആണ് ആശ്രയിക്കുന്നത്. മലിനീകരണ പ്രശനത്തിന് പരിഹാരം ഉണ്ടാക്കാന്‍ അധികൃതര്‍ എത്രയും വേഗം ഇടപെടണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *