തിരുവനന്തപുരം: ഓൺലൈനിൽ ജോലി അന്വേഷിച്ച യുവതിയെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത മലപ്പുറം പെരിന്തൽമണ്ണ വെട്ടത്തൂർ കാപ്പുങ്കൽ വീട്ടിൽ മുഹമ്മദ് സോജിൻ (35) പിടിയിലായി. യുവതിയെ വാട്സാപ് നമ്പർ വഴി പരിചയപ്പെട്ട ഇയാൾ ജോലി ആവശ്യത്തിനെന്ന പേരിൽ വ്യാജ വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്യിപ്പിച്ചു. ഇതിനൊപ്പം ജോലിക്കു വേണ്ട വിവിധ ഉൽപന്നങ്ങൾ വാങ്ങണമെന്നും പറഞ്ഞു. ഈ സാധനങ്ങൾ വാങ്ങാൻ എന്ന പേരിൽ പലതവണകളായി 4.70 ലക്ഷംരൂപ ഇയാൾ തട്ടിയെടുത്തു. ജോലി ലഭിക്കാതെ വന്നതോടെ യുവതി സിറ്റി സൈബർ ക്രൈം പൊലീസിൽ പരാതിപ്പെട്ടു.
സൈബർ പൊലീസ് നടത്തിയ പരിശോധനയിൽ ട്രാൻസ്ഫർ ചെയ്ത തുക മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിൽ ഉള്ള ബാങ്ക് അക്കൗണ്ടുകളിൽ ക്രൈഡിറ്റ് ആയതായി കണ്ടെത്തി. ഇതിൽ നിന്നു മൂന്നു ലക്ഷത്തോളം രൂപ മുഹമ്മദ് സോജിനിന്റെ അക്കൗണ്ടിലേക്ക് മാറ്റിയതായി തെളിഞ്ഞു. ഇതോടെയാണ് ഇയാളെ പിടികൂടിയത്. മുഹമ്മദ് സോജിനിന്റെ ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോൾ ഇതേ കാലയളവിൽ ഇയാളുടെ അക്കൗണ്ടിലൂടെ നാലു കോടിയോളം രൂപ കൈമാറ്റം ചെയ്തതായി കണ്ടെത്തി. തട്ടിപ്പിൽ കൂടുതൽ പേർക്കു പങ്കുള്ളതായും വ്യക്തമായി. സിറ്റി സൈബർ ക്രൈം പൊലീസ് എസിപി ശ്യാംലാലിന്റെ നേതൃത്വത്തിൽ എഎസ്ഐമാരായ സുനിൽകുമാർ, ഷിബു, സിപിഒ വിപിൻ, ഭാസ്കർ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
